പാലക്കാട്: വോട്ടുകൾ യന്ത്രത്തിനുള്ളിലായതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികളും സ്ഥാനാർഥികളും. വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിങ് രേഖപ്പെടുത്തിയത്‌ 78.14 ശതമാനമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.27 ശതമാനം കുറവാണ് ഇക്കുറി പോളിങ്.

വോട്ടുനിലയിലെ മാറ്റം ആരെ തുണയ്ക്കുമെന്ന അവകാശവാദത്തിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ജില്ലയിൽ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. കഴിഞ്ഞതവണ രാഷ്ട്രീയ കണക്കുകൂട്ടലുകളും സാധാരണ തെറ്റാറില്ലാത്ത സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളും പോലും തെറ്റിച്ചാണ് ലോക്‌സഭാഫലം പുറത്തുവന്നത്. പക്ഷേ, ഇത്തവണ സാഹചര്യത്തിൽ മാറ്റമുണ്ടെന്നും സംസ്ഥാനസർക്കാരിന്റെ വികസനപ്രവർത്തനങ്ങളും കോവിഡ് കാലത്തെ ക്ഷേമപ്രവർത്തനങ്ങളും ഗുണംചെയ്യുമെന്നുമാണ് ഇടതുമുന്നണികേന്ദ്രങ്ങൾ വിശ്വസിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ ഇടതുമുന്നണിക്ക് 27 അംഗങ്ങളും യു.ഡി.എഫിന് മൂന്നംഗങ്ങളുമായിരുന്നു. യു.ഡി.എഫിന്റെ മൂന്നംഗങ്ങളും കോൺഗ്രസിൽനിന്നുള്ളവരുമായിരുന്നു. ഇത്തവണ യു.ഡി.എഫിന് പ്രത്യാശനല്കുന്നഘടകം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമാണ്. ജില്ലാ പഞ്ചായത്തിൽ ഭരണത്തിലെത്തുമെന്നാണ് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ അവകാശവാദം. മൂന്ന്‌ സീറ്റിൽനിന്ന് അംഗങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്കെത്തിയാൽ പോലും നിയമസഭാതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന യു.ഡി.എഫിന് അത് വലിയ ആത്മവിശ്വാസമാവും നല്കുക.

തിരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ സാഹചര്യവും നിലവിലുള്ള സാഹചര്യവും യു.ഡി.എഫിന് അനുകൂലമാണെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. കഴിഞ്ഞതവണ ആകെയുള്ള ഏഴ് നഗരസഭകളിൽ നാലിടത്ത് ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. 88 ഗ്രാമപ്പഞ്ചായത്തുകളിൽ 71 പഞ്ചായത്തുകളിൽ എൽ.ഡി.എഫും 17 പഞ്ചായത്തുകളിൽ യു.ഡി.എഫുമായിരുന്നു ഭരണത്തിൽ. 13 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ 11 എണ്ണത്തിൽ എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ഭരണത്തിലെത്തി. പോളിങ്ങിലെ കുറവ് ഇടതുമുന്നണിയെ ബാധിക്കില്ലെന്നും പാലക്കാട്ടെ വോട്ടർമാർ കാര്യങ്ങൾ വിലയിരുത്തുന്നവരാണെന്നും എൽ.ഡി.എഫ്. ജില്ലാ കൺവീനർ വി. ചാമുണ്ണി അഭിപ്രായപ്പെട്ടു.

പാലക്കാട് നഗരസഭയിലുൾപ്പെടെ ബി.ജെ.പി. മികച്ചപ്രകടനം കാഴ്ചവെക്കുമെന്നും കഴിഞ്ഞതവണത്തേതിനെ അപേക്ഷിച്ച് ബി.ജെ.പി.യുടെ വോട്ടിൽ ജില്ലയിൽ അഞ്ചുശതമാനത്തിലേറെ വർധനയുണ്ടാവുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലും ഇത്തവണ വോട്ടിലും സീറ്റിന്റെ എണ്ണത്തിലും വർധനയുണ്ടാവുമെന്നാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്.