electionപാലക്കാട്: തിരഞ്ഞെടുപ്പല്ലേ, അടിപിടിയും തമ്മിൽത്തല്ലുമൊക്കെ ഉറപ്പ്. എന്നാലിക്കുറി അങ്ങനെയായിരുന്നില്ല. ‘കോവിഡ് കേസുകൾ’ മാത്രമാണ് കഴിഞ്ഞ വോട്ടെടുപ്പുദിനത്തിൽ ആശങ്കപടർത്തിയത്.

മുൻകാലങ്ങളിലെപ്പോലെ രാഷ്ട്രീയപാർട്ടിക്കാരുടെ പോർവിളിയും വെട്ടുംകുത്തുമൊന്നും വോട്ടെടുപ്പിനോടനുബന്ധിച്ച് ഉണ്ടായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ രണ്ട് കേസുകൾ മാത്രമാണ് വോട്ടെടുപ്പുദിവസം പോലീസ് രജിസ്റ്റർ ചെയ്തത്. അതും കള്ളവോട്ട് സംബന്ധിച്ച കേസുകൾ. അക്രമക്കേസുകൾ ഒന്നുംതന്നെയില്ല. ജില്ലയിൽ ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഭാഗങ്ങളിലാണ് കള്ളവോട്ട് സംബന്ധിച്ച പരാതികളുള്ളത്. പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ചിലയിടങ്ങളിൽ ചെറിയതോതിൽ രാഷ്ട്രീയപാർട്ടിക്കാരുടെ വാക്കേറ്റങ്ങൾ ഉണ്ടായെങ്കിലും അക്രമങ്ങളിലേക്ക് കടന്നിട്ടില്ലെന്നും പരാതികളായി വന്നിട്ടില്ലെന്നും പോലീസ് പറയുന്നു.

പ്രശ്നങ്ങളെന്തെങ്കിലുമുണ്ടാവാൻ സാധ്യതയുളള 90 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിൽ 24 ബൂത്തുകൾ മാവോവാദിസാന്നിധ്യമുള്ളതായിരുന്നു. കൂടാതെ മറ്റ് 300 ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വീഡിയോയിൽ രേഖപ്പെടുത്തി.

ബൂത്തിനടുത്ത് പ്രചാരണബൂത്ത് തയ്യാറാക്കുന്നതുസംബന്ധിച്ചും പ്രചാരണം സംബന്ധിച്ചുമൊക്കെ വഴക്കുണ്ടാവാറുള്ള പതിവുകേന്ദ്രങ്ങൾ ജില്ലയിലുണ്ട്. പക്ഷേ, അവിടങ്ങളൊക്കെ ഏറെക്കുറെ ശാന്തമായിരുന്നു. കോവിഡ്‌ സാഹചര്യങ്ങളെത്തുടർന്ന് കൂട്ടമായി നിൽക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം വന്നതോടെയാണ് അക്രമങ്ങൾ കുറഞ്ഞതെന്നാണ് വിലയിരുത്തൽ.

ബൂത്തുകളിലുംമറ്റും ഏജന്റുമാരും സ്ഥാനാർഥികളുമല്ലാതെ ആളുകൾ ഒത്തുചേരുന്നത് പോലീസ് ഇടപെട്ട് നിയന്ത്രിച്ചു. പോളിങ് ശക്തമായിരുന്നെങ്കിലും വോട്ടർമാർ ഒന്നിച്ചെത്താത്തതും തിരക്ക് ഒഴിവായതും ഗുണകരമായി.