covidപാലക്കാട്: തിരഞ്ഞെടുപ്പാവേശമെല്ലാം തിളച്ചുമറിഞ്ഞുകഴിഞ്ഞു. ഇനി വോട്ടെണ്ണിത്തീർന്നാൽ ജനാധിപത്യ ഉത്സവത്തിന് കൊടിയിറങ്ങും. അതിനുശേഷം ജയിക്കുന്നത് സ്ഥാനാർഥികളാവുമോ, അതോ കോവിഡാകുമോ..? അതാണ് ഇപ്പോൾ എല്ലാവരുടെയും സംശയം.

കോവിഡിനെ തോൽപ്പിച്ച് നടന്ന ജനവിധിയിൽ പ്രചാരണംമുതൽ തിരഞ്ഞെടുപ്പുദിവസംവരെയും ജാഗ്രതപുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും അതുണ്ടായില്ല. പ്രവർത്തകരുടെ എണ്ണം കുറച്ചുകൊണ്ടായിരുന്നു തുടക്കത്തിൽ സ്ഥാനാർഥികളുടെ പ്രചാരണം. പക്ഷേ, കുടുംബസംഗമങ്ങളും കൺവെൻഷനുകളും തുടങ്ങിയതോടെ പലരും ഈ ജാഗ്രത കൈവിട്ടു. കൊട്ടിക്കലാശത്തിന് കേന്ദ്രീകൃത ഇടങ്ങളുണ്ടായില്ലെങ്കിലും, വാർഡുകളിൽ രാഷ്ട്രീയപാർട്ടികളുടെ ആളെക്കൂട്ടൽ പരിപാടികൾ നടന്നു. ബൈക്ക് റാലിയും, റോഡ്‌ഷോകളും, ചെറുജാഥകളുമൊക്കെയായി പലയിടങ്ങളിലും ശക്തിപ്രകടനങ്ങളുണ്ടായി. കുട്ടികൾവരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

വോട്ടെടുപ്പുദിവസത്തിലും ആദ്യമണിക്കൂറുകളിൽ മാത്രമായിരുന്നു ജാഗ്രത. വോട്ടർമാർക്ക് സാമൂഹിക അകലം പാലിക്കാൻ 'വെള്ളനിറത്തിലുള്ള കളങ്ങൾ ബൂത്തുകളിൽ വരച്ചിരുന്നെങ്കിലും കുറച്ചുസമയം മാത്രമാണ് പലരും ഇത് പാലിച്ചത്. അതുകഴിഞ്ഞതോടെ അകലങ്ങൾ അടുപ്പത്തിന് വഴിമാറി. പോളിങ് സാമഗ്രികളുടെ വിതരണത്തിൽ സമയക്രമം ഏർപ്പെടുത്തിയിരുന്നെങ്കിലും, സാമഗ്രികൾ തിരിച്ചെടുക്കുമ്പോൾ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അധികാരികളും മറന്നു. രാത്രിയിൽ സാമഗ്രികൾ വേഗമെത്തിക്കാൻ മിക്കവരും വ്യഗ്രതകാട്ടിയതോടെ അവിടെയും സാമൂഹിക അകലം നാമമാത്രമായി.