electionആലത്തൂർ: വോട്ടുചെയ്യണമെന്ന മോഹം നടക്കുമോ എന്നറിയാതെ വിഷമിച്ചിരുന്ന സൗമ്യയ്ക്ക് വോട്ടുദിവസം ഇരട്ടിമധുരം.

വോട്ടുചെയ്ത്‌ നേരെ പോയത് ആശുപത്രിയിലേക്ക്. സുഖപ്രസവത്തിലൂടെ പെൺകുഞ്ഞിന് ജന്മവും നൽകി. കാവശ്ശേരി ആനമാറി നൊച്ചിപറമ്പ് ജയദേവന്റെ ഭാര്യ സൗമ്യയുടെ സ്വപ്നമാണ് പോളിങ്നാളിൽ സഫലമായത്.

ഡോക്ടർമാർ കണക്കുകൂട്ടിപ്പറഞ്ഞത് വെള്ളിയാഴ്ച പ്രസവമുണ്ടാകുമെന്നാണ്. വ്യാഴാഴ്ച വോട്ടുചെയ്യാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു സൗമ്യ. വോട്ടുചെയ്യണമെന്നുതന്നെയായിരുന്നു ആഗ്രഹം. രാവിലെ പത്തിന് കിഴക്കഞ്ചേരി എളവംപാടത്തെവീട്ടിൽനിന്ന് ഇരട്ടക്കുളത്തെ ബൂത്തിലേക്ക് വാഹനത്തിലെത്തി. വഴിയിൽവെച്ച് നേരിയ പ്രസവവേദന തുടങ്ങിയെങ്കിലും ആശുപത്രിയിൽ പോകുന്നതിനു മുമ്പ് വോട്ടുചെയ്യാൻ തീരുമാനിച്ചു.

കാവശ്ശേരി 10-ാം വാർഡിലെ ഇരട്ടക്കുളം എ.കെ.വി.എം.എൽ.പി.സ്‌കൂളിലെ ബൂത്തിലെത്തി ബുദ്ധിമുട്ടൊന്നുമില്ലാതെ വോട്ട്‌ ചെയ്തു. പിന്നീട് വേദന കൂടിയതോടെ ആലത്തൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ ആഹ്ളാദത്തിന് വഴിയൊരുക്കിക്കൊണ്ട് പെൺകുഞ്ഞിന് ജന്മംനൽകി.