പാലക്കാട്: അമ്പതുശതമാനത്തിലേറെ വനിതാ സ്ഥാനാർഥികളുള്ള മത്സരക്കളത്തിലെ വിധി നിർണയിക്കുന്നതും സ്ത്രീശക്തി. ഇത്തവണ വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ കണ്ടത് വനിതാ വോട്ടർമാരുടെ നീണ്ടനിരയാണ്. ഇത് വോട്ടെടുപ്പ് അവസാനിക്കുവോളം തുടർന്നു. അതിരാവിലെമുതൽ വനിതാ വോട്ടർമാർ ബൂത്തിലെത്തി.

യുവ വോട്ടർമാരായിരുന്നു ഇതിൽ നല്ലപങ്കും. രാവിെല പത്തുമണിയോടെ 18.43 ശതമാനം പുരുഷവോട്ടർമാർ വോട്ടുചെയ്ത സമയത്ത് 16.33 ശതമാനം സ്ത്രീ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഗ്രാമീണമേഖലയിലായിരുന്നു സ്ത്രീവോട്ടർമാർ കൂടുതലായി എത്തിയത്. 11 മണിക്ക്‌ 35.15 ശതമാനം പുരുഷവോട്ടർമാർ വോട്ടുചെയ്തപ്പോൾ 33 ശതമാനം സ്ത്രീവോട്ടർമാർ ബൂത്തിലെത്തിയിരുന്നു.

12 മണിക്കും ശതമാനക്കണക്കിൽ പുരുഷന്മാരായിരുന്നു മുന്നിൽ. പക്ഷേ, 5,06,142 പുരുഷന്മാർ വോട്ടുചെയ്തപ്പോൾ 5,33,364 സ്ത്രീകൾ വോട്ടുചെയ്ത്‌ കഴിഞ്ഞിരുന്നു.

ജില്ലയിൽ പുരുഷവോട്ടർമാരെ അപേക്ഷിച്ച് ഒരുലക്ഷത്തോളം വനിതാ വോട്ടർമാർ കൂടുതലുള്ളതിനാലാണ് ശതമാനക്കണക്കിലെ ഈ വ്യത്യാസം. വൈകീട്ട് നാലുമണിയോടെ ശതമാനക്കണക്കിലും സ്ത്രീവോട്ടർമാർ മുന്നിലെത്തി. 8,12,670 പരുഷന്മാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 8,84,747 സ്ത്രീകൾ വോട്ട്‌ രേഖപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കുംവരെയും വനിതാ വോട്ടർമാരുടെ മേൽക്കൈ തുടർന്നു.