ചാലിശ്ശേരി: ‘വോട്ട് ഒരിക്കലും മുടക്കീട്ടില്ല... ഇ.എം.എസ്സിന്റെ കാലംമുതൽ വോട്ടെടുപ്പുകൾക്കെല്ലാം എത്തി...’ -ചാലിശ്ശേരിക്കാരുടെ മുത്തശ്ശിയായ വള്ളിക്കുട്ടിയമ്മയുടെ വാക്കുകളിൽ ആവേശം. 106-ാം വയസ്സിലും വോട്ടുചെയ്യാനായതിന്റെ സന്തോഷത്തിളക്കം മുഖത്ത്.

ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്തുവീട്ടിൽ വള്ളിക്കുട്ടിയമ്മയ്ക്ക് 13-ാം വാർഡിലെ എസ്.സി.യു.പി. സ്‌കൂളിലായിരുന്നു ഇക്കുറി വോട്ട്. വീട്ടിൽനിന്ന്‌ വാഹനത്തിലാണ് വന്നത്. വീൽച്ചെയറിലിരുന്ന് നേരെ ബൂത്തിലേക്ക്.

കോവിഡിനെ തോൽപ്പിച്ച മുത്തശ്ശിയായി ഈയിടെ നാട്ടുകാർക്ക് വലിയ ആത്മവിശ്വാസം പകർന്നിരുന്നു വള്ളിക്കുട്ടിയമ്മ. വ്യാഴാഴ്ച രാവിലെ പേരക്കുട്ടി സുകുമാരന്റെ കടവല്ലൂരിലെ വീട്ടിൽനിന്നാണ് വാഹനത്തിൽ ബൂത്തിലെത്തിയത്. മുത്തശ്ശിയെ കണ്ടപാടെ സഹായത്തിനും മറ്റുമായി നാട്ടുകാരും കൂടെ ചേർന്നു. തുടർന്ന് ബൂത്തിൽ വോട്ടവകാശം വിനിയോഗിച്ചു.

കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ആന്റിജൻ പരിശോധനയിൽ വള്ളിക്കുട്ടിയമ്മ കോവിഡ് പോസിറ്റീവായിരുന്നു. ജില്ലാ മെഡിക്കൽ കോളേജ് കോവിഡ് കെയർ സെന്ററിൽ ഒമ്പതുദിവസത്തെ ചികിത്സയ്ക്കുശേഷം വൈറസിനെ തോൽപ്പിച്ച് ചാലിശ്ശേരിക്കാരുടെ മുത്തശ്ശി തിരിച്ചെത്തുകയും ചെയ്തു.