പാലക്കാട്: വ്യാഴാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 78.08 ശതമാനം വോട്ടർമാർ. അന്തിമവിവരങ്ങൾ എത്തുന്നതോടെ പോളിങ് ശതമാനം കൂടിയേക്കും.

2015-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ 80.41 ശതമാനമായിരുന്നു അന്തിമവോട്ടിങ് നില. ഇത്‌ കണക്കാക്കിയാൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.4 ശതമാനം വോട്ട് കുറവാണ് ഇത്തവണ. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 78.37 ശതമാനവും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 78.64 ശതമാനംപേരും വോട്ട് രേഖപ്പെടുത്തിയിരുന്നു.

18,22,748 പേർ വോട്ടിനെത്തി

ജില്ലയിൽ 23,37,412 പേരാണ് വോട്ടർമാരായി അന്തിമപട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ 18,22,748 പേർ വോട്ട് രേഖപ്പെടുത്തി. 11,20,871 പുരുഷ വോട്ടർമാരിൽ 8,77,972 പേർ (78.33 ശതമാനം) വോട്ടുചെയ്തു. 12,16,521 സ്ത്രീ വോട്ടർമാരിൽ 9,45,067 പേരും (77.69 ശതമാനം) വോട്ട് രേഖപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ 20 പേരിൽ നാല് പേർ മാത്രമാണ് വോട്ടുചെയ്യാനെത്തിയത്. ചിലേടങ്ങളിൽ പോളിങ് രാത്രി എട്ടരവരെ നീണ്ടു.

തദ്ദേശ കണക്ക്

നഗരസഭകളിൽ 81.58 ശതമാനം പേർ വോട്ടുചെയ്ത ചിറ്റൂർ-തത്തമംഗലം നഗരസഭ വോട്ടിങ്ങിൽ മുന്നിലെത്തി. 67.12 ശതമാനംപോർ വോട്ടുചെയ്ത പാലക്കാട് നഗരസഭ പിന്നിലായി. ബ്ലോക്ക് പഞ്ചായത്തുകളിൽ 81.53 ശതമാനം പേർ വോട്ടുചെയ്ത നെന്മാറയിലാണ് കൂടുതൽ പോളിങ്. കുറവ് മലമ്പുഴയിലും -75.47 ശതമാനം.

3000 ബൂത്തുകൾ

വോട്ടെടുപ്പ് ആരംഭിച്ച വ്യാഴാഴ്ചരാവിലെ ഏഴുമുതൽ ജില്ലയിലെ ഭൂരിഭാഗം ബൂത്തിലും നല്ല തിരക്കനുഭവപ്പെട്ടു. ഒരുമണിക്കൂറിനുള്ളിൽ ജില്ലയിലെ 3,000 ബൂത്തുകളിലായി 1,89, 562 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത് ആകെ വോട്ടർമാരുടെ 8.11 ശതമാനമായിരുന്നു. നഗരസഭകളിൽ 9.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ പട്ടാമ്പി നഗരസഭ ആയിരുന്നു മുന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 8.68 പേർ വോട്ട് ചെയ്ത കുഴൽമന്ദം ബ്ലോക്കും ആദ്യമണിക്കൂറിൽ മുന്നിലെത്തി.

പന്ത്രണ്ടിന് 44.62 ശതമാനത്തിലേക്കുയർന്ന പോളിങ് ഉച്ചയ്ക്ക് ഒരുമണിയിലെത്തിയതോെട 50 ശതമാനം പിന്നിട്ട് 53.39 ശതമാനമായി.

ഉച്ചതിരിഞ്ഞും പോളിങ് വാടിയില്ല

കനത്ത വെയിലുണ്ടായിരുന്നിട്ടും ഉച്ചയ്ക്ക് ശേഷവും വോട്ടർമാരുടെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. രണ്ടിന് 59.3 ശതമാനമായ പോളിങ് മൂന്നുമണിയോടെ 66.96 ശതമാനമായി ഉയർന്നു. അടുത്ത ഒരുമണിക്കൂറിനിടെ പോളിങ് നിരക്കിൽ കനത്ത വർധന രേഖപ്പെടുത്തിയതോടെ നാലുമണിക്ക് ജില്ലയിൽ വോട്ടുചെയ്തവരുടെ എണ്ണം 72.58 ശതമാനമായി. 16,96,578 പേരാണ് ഘട്ടംവരെ വോട്ടവാശം വിനിയോഗിച്ചത്.

വൈകിട്ടും തിരക്ക്

അഞ്ചുമണിയോടെ പല ബൂത്തുകളിലും നീണ്ടനിരയുണ്ടായിരുന്നു. ചിലേടങ്ങളിൽ രാത്രി 7.30വരെ പോളിങ് നീണ്ടു. അഞ്ചുമണിവരെയുള്ള കണക്കുപ്രകാരം പോളിങ് 76.13 ശതമാനമായി. നഗരസഭകളിൽ ചിറ്റൂർ-തത്തമംഗലം നഗരസഭയിലും (80.91 ശതമാനം) ബ്ലോക്കുകളിൽ ചിറ്റൂർ (80.31 ശതമാനം), നെന്മാറ (80.03 ശതമാനം) എന്നീ ബ്ലോക്കുകളായിരുന്നു മുന്നിൽ. ആറുമണിയോടെ 77.51 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി.