അഗളി: മാവോവാദിഭീഷണി നിലനിൽക്കുന്ന അട്ടപ്പാടിയിൽ കനത്ത സുരക്ഷയൊരുക്കി സായുധസംഘങ്ങൾ. അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് തിരിച്ചടിക്കുമെന്ന മാവോവാദി ഭീഷണിയുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

സായുധരായ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ 210 അംഗങ്ങൾ സുരക്ഷയുടെ ഭാഗമായി അട്ടപ്പാടിയിലെത്തി. കേരള സായുധസേനയിലെ 42 ഉദ്യോഗസ്ഥരും മലപ്പുറം അരീക്കോട്ടുനിന്ന് 100 പോലീസും അട്ടപ്പാടിയിലെത്തിയിട്ടുണ്ട്. അഗളി, ഷോളയൂർ പോലീസ് സ്‌റ്റേഷനിലായുള്ള 78 പോലീസുകാർക്ക് പുറമേ 80 തണ്ടർബോൾട്ട്, കാറ്റ്‌സ്, എ.എൻ.എഫ്. സുരക്ഷാ ഉദ്യോഗസ്ഥരും അട്ടപ്പാടിയിലുണ്ട്. അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ 93 ബൂത്തുകളിലായി 510 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്.

മാവോവാദികൾ മുമ്പ് എത്തിയതായി റിപ്പോർട്ടുള്ള വിദൂരമേഖലയായ അഗളി പഞ്ചായത്തിലെ ആനവായ്, ചിണ്ടക്കി, ഒമ്മല, പോത്തുപ്പാടി, കുറവൻപാടി, പുതൂർ പഞ്ചായത്തിലെ പാലൂർ, ഭൂതയാർ, സ്വർണഗദ്ദ, മേലേ ഉമ്മത്താംപടി, ഇലച്ചിവഴി, തമിഴ്‌നാട് അതിർത്തി പ്രദേശമായ മുള്ളി, ഷോളയൂർ പഞ്ചായത്തിലെ വെച്ചപതി, ശിരുവാണി, മുത്തികുളം എന്നിവടങ്ങളിലാണ് സുരക്ഷ കൂട്ടിയിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളിൽ നാല് ഐ.ആർ.ബി. ഉദ്യോഗസ്ഥരടക്കം 10 പേരാണ് കാവലിനുള്ളത്. അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം മൂന്ന് തവണയാണ് അട്ടപ്പാടിയിൽ മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 21-ന് അരളിക്കോണം ഭാഗത്താണ് അവസാനമായി മാവോവാദികൾ എത്തിയത്.