കൊല്ലങ്കോട്: വൈകീട്ട് ആറരയായിട്ടും കോവിഡ് രോഗികളുടെ പട്ടിക കൈമാറാത്തതിനാല്‍ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ ബി.ഡി.ഒ. ഓഫിസിനുമുന്നില്‍ നിന്ന് പ്രതിഷേധിച്ചു. കോവിഡ് രോഗികളുടെ വീടുകളിലെത്തി ബാലറ്റ് നല്‍കി വോട്ട് ചെയ്യിപ്പിക്കേണ്ടവരാണിവര്‍.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിലധികം സംഘങ്ങള്‍ കോവിഡ് രോഗികളുടെ വോട്ടിങ്ങിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷയൊരുക്കാന്‍ ഇവര്‍ക്കൊപ്പം പോകേണ്ട പോലീസുകാര്‍ വിവിധ ബൂത്തുകളില്‍ ജോലിക്കുപോയതിനാല്‍ സ്ത്രീകളുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് രാത്രിയില്‍ പി.പി.ഇ. കിറ്റുകള്‍ധരിച്ച് രോഗികളുടെ വീട്ടിലേക്ക് പോകുന്നതിനുള്ള പ്രയാസം പരിഹരിക്കണമെന്നായിരുന്നു ആവശ്യം.

ഓഫീസിനുമുന്നില്‍നിന്ന ഉദ്യോഗസ്ഥരുമായി പോലീസിന്റെ സാന്നിധ്യത്തില്‍ ബി.ഡി.ഒ. ബീന ചര്‍ച്ചനടത്തി. കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.