ചിറ്റൂരിൽ

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽനിന്ന്‌ ബുധനാഴ്ച പോളിങ് സാമഗ്രികളെല്ലാം അതത് തദ്ദേശസ്ഥാപനങ്ങളിലെ ബൂത്തുകളിലെത്തിച്ചു. ഏഴ് പഞ്ചായത്തുകളിലായി 209 ബൂത്തുകളാണുള്ളത്. ഒരോ പഞ്ചായത്തിനും സമയം നിശ്ചയിച്ചായിരുന്നു യന്ത്രസാമഗ്രികൾ വിതരണം ചെയ്തതെങ്കിലും വിതരണകേന്ദ്രത്തിന്റെ പരിസരത്ത് ഉദ്യോഗസ്ഥരുടെ തിരക്കേറി. സാമൂഹിക അകലം ഉറപ്പാക്കാൻ എല്ലാവർക്കും പ്രത്യേക കസേരകൾ ഒരുക്കിയിരുന്നു. എന്നാൽ, പലർക്കും സീറ്റ് കിട്ടാതായതോടെ തിരക്കുണ്ടായി.

43 ബൂത്തുകളുള്ള എലപ്പുള്ളിയാണ് മേഖലയിലെ ഏറ്റവും കൂടുതൽ ബൂത്തുകളുള്ള പഞ്ചായത്ത്. 17 ബൂത്തുകളുള്ള വടകരപ്പതി കുറവ് ബൂത്തുകളുള്ള പഞ്ചായത്താണ്.

ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർക്കായി കാര്യാലയത്തിനകത്തുള്ള ഓപ്പൺ സ്റ്റേജിലും പാർക്കിലുമാണ് സാമൂഹികഅകലം പാലിച്ച് ഇരിക്കാൻ സൗകര്യമൊരുക്കിയത്. ഇ.വി.എം. മാത്രമാണ് പ്രിസൈഡിങ് ഓഫീസർമാരുടെ കൈയിൽ കൊടുത്തത്. ബാക്കി സാമഗ്രികൾ നഗരസഭാ ഉദ്യോഗസ്ഥർതന്നെ പ്രിസൈഡിങ് ഓഫീസർമാരുടെ വാഹനങ്ങളിലെത്തിച്ചുനൽകി. അതിനാൽ തിരക്കും കുറഞ്ഞു.

നെന്മാറയിൽ

പോളിങ് സാമഗ്രികളുടെ വിതരണത്തിന് സമയക്രമം നിശ്ചയിച്ചെങ്കിലും മിക്കയിടത്തും സാമൂഹിക അകലം പാലിക്കാതെ തിരക്കായിരുന്നു. ഓരോ പഞ്ചായത്തിനും നിശ്ചയിച്ച സമയത്തിനുമുന്നേ ജീവനക്കാർ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങുന്നതിനായി കൗണ്ടറുകളിലെത്തിയതും അന്വേഷണങ്ങൾക്കായി തിരക്കുകൂട്ടിയതുമാണ് പ്രശ്നമായത്.

നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ സമയത്തിനുമുമ്പ്‌ എത്തിയവരെ വിതരണ കേന്ദ്രത്തിന്‌ പുറത്തേക്ക് മാറ്റുകയും കൂട്ടംകൂടിനിന്നാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയതോടെയാണ് തിരക്കിന് മാറ്റമുണ്ടായത്. ആദ്യം നെല്ലിയാമ്പതി, വണ്ടാഴി ഗ്രാമപ്പഞ്ചായത്തുകളിലേക്കാണ് വിതരണം നടത്തിയത്. രണ്ടുമണിയോടെ 200 ബൂത്തുകളിലേക്കുമുള്ള പി.പി.ഇ.കിറ്റ്, സാനിറ്റൈസർ എന്നിവയുൾപ്പെടെയുള്ളവയുടെ വിതരണം പൂർത്തിയായി.

ആലത്തൂരിൽ‍

ബ്ലോക്ക് പഞ്ചായത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം ആലത്തൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് വിതരണംചെയ്തത്. കിഴക്കഞ്ചേരി, തരൂർ പഞ്ചായത്തുകളിലേക്ക് ആദ്യവും ആലത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ബൂത്തുകളിലേക്ക് അവസാനവുമായാണ് വിതരണംചെയ്തത്.

കൊല്ലങ്കോട്ട്‌

ബി.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിലാണ് ഏഴ്‌ പഞ്ചായത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ വിതരണംചെയ്തത്. കാലത്ത് എട്ടുമണിയോടെ ആരംഭിച്ച വിതരണം ഒരു മണിയോടെ പൂർത്തിയായി.