പാലക്കാട്: നെഞ്ചുപിളരും വേദനയോടെ ആദിവാസിസമൂഹത്തിന്റെ നഷ്ടങ്ങൾ കൊരുത്തെടുത്ത് പാടുന്ന നഞ്ചിയമ്മയെ കൺചിമ്മുംവേഗത്തിലാണ് മാലോകരെല്ലാം ഇഷ്ടഗായികയാക്കിയത്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ എല്ലാവരുമറിഞ്ഞ നാടൻപാട്ടുകലാകാരി നഞ്ചിയമ്മ പക്ഷേ, ഇപ്പോഴും ആടുകളെയും മാടുകളെയും മേയ്ക്കാൻ കാട്ടിൽ പോകും. പാട്ടുപാടാൻ വിളിച്ചാൽ പാടാനുംപോകും. മുഖത്തുതെളിയുന്ന നിഷ്കളങ്ക ചിരിയാണ് ഈ കലാകാരിയുടെ മുഖമുദ്ര.

അട്ടപ്പാടി അഗളിയിലെ നക്കുപ്പതിപിരിവിലെ വീട്ടിൽ നഞ്ചിയമ്മയെ കണ്ടപ്പോൾ നിറഞ്ഞ ചിരിയോടെ സ്വാഗതം. അറിഞ്ഞോ അറിയാതെയോ അട്ടപ്പാടിയിൽ തിരഞ്ഞെടുപ്പിന്റെ പ്രധാനഭാഗമായി മാറുകയാണ് നഞ്ചിയമ്മയും.

പോലീസ് ആദിവാസി ഊരുകളിൽ ചെന്ന് വോട്ടുചെയ്യാൻ ബോധവത്കരണം നടത്തുമ്പോൾ നഞ്ചിയമ്മയുടെയും സംഘത്തിന്റെയും നാടൻപാട്ടും അരങ്ങേറുന്നു. ‘തിരഞ്ഞെടുപ്പല്ലേ, അതൊക്കെ അറിയും. വോട്ടുചെയ്യും നമ്മൾ മനിശ്ശൻമാര് ജനിച്ച കേരളത്തിൽ വോട്ടുണ്ട്. അതുകൊണ്ട് വോട്ടിടും. അഗളി സ്‌കൂളിലാണ് വർഷാവർഷം ഞങ്ങള് വോട്ട് ചെയ്യാൻ പോകുന്നത്’ -നഞ്ചിയമ്മ പറയുന്നു.

ആദ്യം ഷോളയൂർ വരഗംപാടി ഊരിലാണ് പോലീസിനൊപ്പം നഞ്ചിയമ്മയും സംഘവും പോയത്. തുടർന്ന് ചാവടിയൂർ, പുതൂർ, കട്ടേക്കാട്, തേക്കുവട്ട ഊരുകളിലെ പരിപാടികളിലും പങ്കെടുത്തു. ‘ഷോളയൂർ എസ്.ഐ. സാറും വനിതാ പോലീസുകാരും ഉണ്ടായിരുന്നു. ആരെയും പേടിക്കാതെ ഇഷ്ടമുള്ളവർക്ക് വോട്ടിടണം. വോട്ടിടാൻ ആരെങ്കിലും സാരായം തരാമെന്ന് പറഞ്ഞാൽ വാങ്ങിക്കുടിക്കരുത് -അങ്ങനെയൊക്കെ സാറന്മാർ പറേണത് കേട്ടു. ഞങ്ങള് പാട്ടിന്റെ കാര്യാ നോക്കാ. പാട്ട് പാടുമ്പോൾ എല്ലാം മറന്ന് പാടും.’ - നഞ്ചിയമ്മ നയം വ്യക്തമാക്കുന്നു.

എറണാകുളത്ത് ഒരു സിനിമയുടെ ഗാനം തലേന്ന് പാടി വന്നതേയുള്ളൂ. അടുത്തദിവസം പാലക്കാട്ട് ഷൂട്ടിങ് തുടങ്ങുന്ന ഈ സിനിമയിൽ നഞ്ചിയമ്മയും അഭിനയിക്കുന്നുണ്ട്. ഏതാണ് സിനിമ, ആരാണ് സംവിധായകൻ അതൊന്നും അത്ര നിശ്ചയമില്ല. വന്നുവിളിച്ചാൽ പാടാൻ മടിയില്ല.

‘എന്റെ പാട്ട് ആരും എഴുതണ്ട, ഞാൻതന്നെ പാടും. അതിനൊപ്പം താളമിട്ട് ആടിത്തുള്ളും. പാട്ട് മനസ്സിൽ വരുന്നതാ. അത് പറഞ്ഞുപറഞ്ഞ്് പാട്ടായി വരും. നമ്മ ജീവിതത്തിൽ അനുഭവിച്ചതെല്ലാം പാട്ടായി വരാണ്’ -തന്റെ പാട്ടുവഴിയെക്കുറിച്ച് നഞ്ചിയമ്മ.

സ്ഥാനാർഥികൾ വീട്ടിൽ വന്നിരുന്നോയെന്ന് ചോദിച്ചപ്പോൾ അടുത്തെ ചുമരിൽ വിവിധ മുന്നണിസ്ഥാനാർഥികളുടെ പോസ്റ്ററിലേക്ക് കണ്ണുകളയച്ച് പറഞ്ഞു: ‘കണ്ണമ്മയെയും മഹേശ്വരി ടീച്ചറെയും നീതുവിനെയുമെല്ലാം അറിയാം. എല്ലോരും ഇബടെവന്ന് വോട്ടിടാൻ പറഞ്ഞിട്ടുണ്ട്. ആർക്കാ ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. എല്ലോരെയും എനിക്കിഷ്ടാ.’

വൈകീട്ട് പോലീസിനൊപ്പം ഏതോ ഊരിൽ പാട്ടുമായി പോകാനുണ്ട് നഞ്ചിയമ്മയ്ക്ക്. ‘ഈ തിരക്കിനിടയിൽ ആടുകളെ മേയ്ക്കാൻ ഇന്ന് പോകാനൊക്കില്ല. അവറ്റകളുടെ സ്ഥിതിയെന്താണെന്ന് ഒന്നുപോയിനോക്കണം’ -നഞ്ചിയമ്മ മടങ്ങുകയാണ്, വീണ്ടും വീട്ടുജോലിയിലേക്ക്...