പാലക്കാട്: പ്രിയപ്പെട്ട നാട്ടുകാരേ... തിരഞ്ഞെടുപ്പില്‍ 17-ാം വാര്‍ഡിന്റെ എന്‍.ഡി.എ. സ്ഥാനാര്‍ഥി വി. വിഷ്ണുദേവനെ താമര അടയാളത്തില്‍ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കയാണ്, അപേക്ഷിക്കയാണ്... പാലക്കാട് നഗരത്തിന്റെ അയല്‍പക്കത്ത് മരുതറോഡില്‍ നിരത്തിലൂടെ സാവധാനത്തില്‍ നീങ്ങുന്ന പ്രചാരണവാഹനത്തിന്റെ സ്പീക്കറില്‍നിന്ന് ഒരു കൊച്ചുശബ്ദം പുറത്തേക്ക് വന്നു. ശബ്ദം കേട്ടവര്‍കേട്ടവര്‍ ആദ്യമൊന്ന് നോക്കി. ഇതേതാ ഈ കുട്ടിയെന്ന കൗതുകത്തോടെ. ഏഴാംക്ലാസുകാരി ദര്‍ശനയായിരുന്നു അനൗണ്‍സ്മെന്റ് സീറ്റില്‍. മരുതറോഡ് ഗ്രാമപ്പഞ്ചായത്ത് 17-ാം വാര്‍ഡിലെ എന്‍.ഡി.എ-ബി.ജെ.പി. സ്ഥാനാര്‍ഥി വി. വിഷ്ണുദേവന്റെ മകളാണ് ദര്‍ശന. അച്ഛന്റെ പ്രചാരണത്തിന് തന്റെ ശബ്ദംകൂടിയാവാം എന്ന തോന്നലിലാണ് ദര്‍ശനയും പ്രചാരണത്തിനിറങ്ങിയത്.

പ്രചാരണം വാഹനത്തില്‍ തുടങ്ങിയദിവസംമുതല്‍ ദര്‍ശനയുടെ ശബ്ദവും മരുതറോഡിലെങ്ങുമുണ്ട്. സ്വയം ഏഴുതിത്തയ്യാറാക്കിയതാണ് വാചകങ്ങള്‍. പ്രവര്‍ത്തകര്‍ എഴുതിനല്‍കിയതുമുണ്ട്. കല്‍മണ്ഡപം ഭാരതമാത സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദര്‍ശന. ഇത് മൂന്നാംവട്ടമാണ് വിഷ്ണുദേവന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. റേഷന്‍ റീട്ടെയില്‍ ഡീലേഴ്സ് ജില്ലാ വൈസ് പ്രസിഡന്റിന്റെ ചുമതലയും വിഷ്ണുദേവനുണ്ട്. ബെംഗളൂരുവില്‍ ഐ.ടി. കമ്പനിയില്‍ ജോലിചെയ്യുന്ന മൂത്തമകന്‍ ദേവാനന്ദും ഭാര്യ ലളിതയും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.

നെല്ലിയാമ്പതി: തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ പാടികളിലേക്കുള്ള പ്രചാരണ വാഹനത്തിലെ ഉച്ചഭാഷണിയിലൂടെ വി. ഫാറൂക്കിനായുള്ള വോട്ടഭ്യര്‍ഥന കേള്‍ക്കുകയാണെങ്കില്‍ അതില്‍ അച്ഛനോടുള്ള സ്‌നേഹംകൂടിയുണ്ടാകും. കാരണം സ്ഥാനാര്‍ഥിയുടെ മകനാണ് വോട്ട് ചോദിക്കുന്നത്. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ നെല്ലിയാമ്പതി ഡിവിഷന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ വി. ഫാറൂക്കിന്റെ മകന്‍ എം.ബി.ബി.എസ്. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ മുബഷിര്‍ ഫാറൂക്കാണ് വാപ്പായ്ക്കുവേണ്ടി വോട്ടുചോദിച്ച് പ്രചാരണവാഹനത്തിന്റെ മുന്‍സീറ്റില്‍ അനൗണ്‍സറായി എത്തിയത്.

തമിഴ്നാട് മധുര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ മുബഷിര്‍ ക്ലാസ് ആരംഭിച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ പഠനത്തിന് അവധിനല്‍കിയാണ് പ്രചാരണത്തിന് നില്‍ക്കുന്നത്. കാലത്ത് ഏഴുമണിക്ക് തുടങ്ങുന്ന പ്രചാരണം വൈകീട്ടുവരെ ഉണ്ടാകും. സ്ഥാനാര്‍ഥി പ്രചാരണം കൂടിയായപ്പോള്‍ മുഴുവന്‍സമയ അനൗണ്‍സറായി രണ്ടുദിവസംകൂടി കഴിഞ്ഞ് വോട്ടു ചെയ്തശേഷം ക്ലാസിന് പോകാനാണ് മുബഷിറിന്റെ തീരുമാനം.