പാലക്കാട്: അപരശല്യം നേരിടാന്‍ ഔദ്യോഗികസ്ഥാനാര്‍ഥികളുടെ പേര് വോട്ടിങ് യന്ത്രത്തില്‍ എത്രാമത്തെ നമ്പറിലാണ് വരുന്നതെന്ന് വോട്ടര്‍മാരെ പഠിപ്പിച്ച് വോട്ട് തേടണമെന്ന് സി.പി.എമ്മിന്റെ നിര്‍ദേശം. ചിഹ്നത്തിനും പേരിനും രണ്ടാമത് പരിഗണന നല്‍കിയാല്‍ മതി. ഇതേത്തുടര്‍ന്ന് ഓരോ വാര്‍ഡിലുമുള്ള വോട്ടര്‍മാരുടെയടുത്ത് സ്ഥാനാര്‍ഥികളുടെ ക്രമനമ്പറുള്ള ലഘുലേഖ എത്തിക്കുന്നതിന് പ്രത്യേകസംഘങ്ങളെ നിയോഗിക്കും.

പാര്‍ട്ടിയുടെ ഉറപ്പുള്ള വോട്ടറാണെങ്കില്‍ വാട്ട്സാപ്പിലൂടെയും ക്രമനമ്പറുള്ള ലഘുലേഖ അയച്ചുകൊടുക്കുമെന്ന് സി.പി.എം വൃത്തങ്ങള്‍ പറഞ്ഞു. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളില്‍ അപരന്മാരുണ്ടെങ്കിലും എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെ ഔദ്യോഗികസ്ഥാനാര്‍ഥികള്‍ക്ക് അപരന്മാര്‍ കൂടുതലുണ്ടെന്നാണ് സി.പി.എം വിലയിരുത്തല്‍.

എതിരാളികളെ പേരുപയോഗിച്ച് കുഴപ്പത്തിലാക്കാന്‍ പത്രിക നല്‍കിയവര്‍ മുന്‍ പാര്‍ട്ടിപ്രവര്‍ത്തകരാണെങ്കില്‍ അപകടം കൂടും. അതിനാല്‍ അപരഭീഷണി കുറയ്ക്കാന്‍ സ്ഥാനാര്‍ഥികളുടെ പേരിനുമുന്നില്‍ അഡ്വക്കേറ്റെന്നും പേരിനുശേഷം ടീച്ചറെന്നും മാസ്റ്ററെന്നും ചേര്‍ത്തവരുണ്ട്. സ്ഥലപ്പേരും ജാതിപ്പേരും പേരിനൊപ്പം നല്‍കിയവരുണ്ട്. എന്നിട്ടും ഒന്നും രണ്ടും ഘട്ട പ്രചാരണം പലയിടങ്ങളിലും കഴിഞ്ഞെങ്കിലും വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തതയുണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച സൂചന.