പാലക്കാട്: നിയമസഭാമത്സരത്തിന് മുന്നോടിയായി നടക്കുന്ന സെമിഫൈനലാവും ഈ തദ്ദേശതിരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. സെമിയിലും ഫൈനലിലും യു.ഡി.എഫ്. വന്‍വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തദ്ദേശതിരത്തെടുപ്പ്. അഴിമതികളിലും വിവാദങ്ങളിലും മുങ്ങിക്കുളിക്കുന്ന ഭരണമാണ് കേരള സര്‍ക്കാരിന്റേത്. ഭരണത്തിലെ ഉന്നതര്‍വരെ ഇതിന് കൂട്ടുനില്‍ക്കുന്നു.

ബ്രിട്ടീഷുകാരെപ്പോലെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും കര്‍ഷകരെ അടിച്ചമര്‍ത്തിയുമാണ് ബി.ജെ.പിയുടെ കേന്ദ്രഭരണം. മിക്കയിടങ്ങളിലും പണാധിപത്യം ഉപയോഗിച്ചാണ് അവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നത്. കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ ഇവര്‍ക്കെതിരെ ശബ്ദിക്കാനാവൂ. കേരളത്തിലെ യു.ഡി.എഫിനും കോണ്‍ഗ്രസിനും അതിനുള്ള സംഘടനാശക്തിയുണ്ടെന്നും തദ്ദേശതിരഞ്ഞെടുപ്പിലൂടെ അത് വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ്, മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, സെക്രട്ടറിമാരായ എ. തങ്കപ്പന്‍, പി.വി. രാജേഷ്, യു.ഡി.എഫ്. മുന്‍ ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി എന്നിവര്‍ സംസാരിച്ചു.