പാലക്കാട്: സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവിനത്തിൽ കൊടുക്കുന്നതും വാങ്ങുന്നതുമായ തുകയുടെ കണക്ക് എഴുതിസൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. നിയോജകമണ്ഡലം തലത്തിൽ നിരീക്ഷകരെ ഇതിനായി നിയോഗിച്ചു. ഇവർ ആവശ്യപ്പെടുമ്പോൾ സ്ഥാനാർഥികൾ കണക്കുകൾ വ്യക്തമാക്കണം. ചെലവിന്റെ സ്വഭാവം, ചെലവ് ചെയ്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും മേൽവിലാസവും, വൗച്ചർ നമ്പർ തുടങ്ങിയ വിശദവിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ള ഫോറം എൻ-30ൽ രേഖപ്പെടുത്തി സൂക്ഷിക്കണം. ഫലപ്രഖ്യാപനത്തിനുശേഷം ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികൾ കളക്ടർക്കും കണക്കുകൾ നിശ്ചിതഫോറത്തിൽ സമർപ്പിക്കണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് തുടങ്ങിയവയുടെ പകർപ്പുകൾ സമർപ്പിക്കണം. ഒറിജിനൽ സ്ഥാനാർഥികൾ തന്നെ സൂക്ഷിക്കണം.

പരിധിയിൽ കവിഞ്ഞ് ചെലവഴിക്കുന്ന സ്ഥാനാർഥികളെയും നിശ്ചിതസമയപരിധിയിൽ കണക്ക് സമർപ്പിക്കാതിരിക്കുന്നവരെയും അയോഗ്യരായി പ്രഖ്യാപിക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ നിരീക്ഷകർ:

പട്ടാമ്പി, ഷൊർണൂർ- എസ്. മുരളി - 9495520619

ഒറ്റപ്പാലം, മണ്ണാർക്കാട് -ബി. ഗോപകുമാർ - 8547137737

പാലക്കാട്-മുഹമ്മദ് നിസാർ - 8281925468

ചിറ്റൂർ, കൊല്ലങ്കോട്-സുദർശനൻ - 9447479328

ആലത്തൂർ, മലമ്പുഴ-മദൻകുമാർ - 9744012399.