പാലക്കാട്: പൊതുസ്ഥലങ്ങളില്‍ നിയന്ത്രണങ്ങളുള്ളഭാഗത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുപോസ്റ്ററുകള്‍ പതിച്ചാല്‍ ഉത്തരവാദിത്വം സ്ഥാനാര്‍ഥികള്‍ക്ക്. പതിച്ച പോസ്റ്ററുകള്‍ നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള ചെലവ് സ്ഥാനാര്‍ഥിയുടെ ആകെ ചെലവില്‍ ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പുകമ്മിഷന്റെ നിര്‍ദേശം. സമാനമായ പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കാന്‍ കമ്മിഷന്റെ പ്രത്യേകസ്‌ക്വാഡ് പരിശോധനനടത്തും.

വൈദ്യുതത്തൂണുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പോസ്റ്റര്‍ പതിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണ്. ഇവ പരിശോധിക്കാനാണ് സ്‌ക്വാഡ് വരുന്നത്.

പഞ്ചായത്തുകളില്‍ ഒരു വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. നഗരസഭകളില്‍ 40,000 രൂപവരെയും ചെലവിടാം. അധികമായി തുക ചെലവാക്കിയെന്ന് കണ്ടെത്തിയാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും.

പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിച്ചാല്‍ ഇത് നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ കണക്കാക്കി സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാന്‍ പരിധിയുള്ള ആകെ തുകയില്‍ ഉള്‍പ്പെടുത്തും.

ഇതുള്‍പ്പെടെ 25,000 രൂപയില്‍ കടന്നാല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചാലും പിന്നീട് പെരുമാറ്റച്ചട്ടലംഘനപ്രകാരം നടപടികള്‍ നേരിടേണ്ടിവരും.

സ്ഥാനാര്‍ഥികളെ വിളിച്ചുവരുത്തി പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ആദ്യം പറഞ്ഞുകൊടുക്കാനാണ് വരണാധികാരികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുന്‍വര്‍ഷങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പൊതു ഇടങ്ങളെ ഒഴിവാക്കിയിരിക്കുന്നത്.