congressഅയിലൂര്‍: സീറ്റുവിഭജനത്തില്‍ തര്‍ക്കത്തെത്തുടര്‍ന്ന് അയിലൂര്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്വതന്ത്രനായി മത്സരരംഗത്ത്. മുഹമ്മദ് കുട്ടിയാണ് മണ്ഡലം സെക്രട്ടറിസ്ഥാനം രാജിവെച്ച് 13-ാം വാര്‍ഡ് ഒലിപ്പാറയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രമ്യ ഹരിദാസിന് 500-ലധികം വോട്ടിന്റെ ഭൂരിപക്ഷംകിട്ടിയ വാര്‍ഡായിട്ടുപോലും മുസ്ലീം ലീഗിന് കോണ്‍ഗ്രസ് സീറ്റ് നല്‍കുകയായിരുന്നു.

39 വര്‍ഷമായി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തകനായിട്ടുപോലും മത്സരരംഗത്തേക്ക് പരിഗണിക്കാത്തതിലും ഘടകകക്ഷിക്ക് സീറ്റുകൊടുത്തതിലും പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു.

ജില്ലാതല മുന്നണിതീരുമാനത്തിന്റെ ഭാഗമായാണ് ഈ വാര്‍ഡ് മുസ്ലീം ലീഗിന് നല്‍കിയതെന്ന് മണ്ഡലം പ്രസിഡന്റ് എസ്.എം. ഷാജഹാന്‍ പറഞ്ഞു. ഫുട്ബോള്‍ ചിഹ്നത്തിലാണ് മുഹമ്മദ് കുട്ടി വോട്ടുതേടുന്നത്.