electionപാലക്കാട്: ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലേക്ക് കാലാവധി അവസാനിച്ച കൗണ്‍സില്‍ ചെയര്‍മാന്‍ കെ. മധുവിന് സ്ഥാനാര്‍ഥിത്വവും കോണ്‍ഗ്രസ് ചിഹ്നവും അനുവദിക്കാത്തത് സംബന്ധിച്ച പ്രശ്‌നം രൂക്ഷമാകുന്നു. 28-ാം വാര്‍ഡില്‍ മത്സരിക്കാന്‍ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. കെ. അച്യുതന്റെ സഹോദരന്‍കൂടിയായ മധു നേതൃത്വത്തെ സമീപിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആവശ്യമായ പരിഗണ ലഭിച്ചില്ലെന്ന പരാതി പരിഹരിക്കണമെന്നാണ് കെ. മധുവിന്റെ ആവശ്യം.

എന്നാല്‍, പട്ടികയില്‍ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുണ്ടെന്ന് പ്രാദേശികനേതൃത്വം പറയുന്നു. ഡി.സി.സി. നേതൃത്വത്തിന്റെയും സബ് കമ്മിറ്റിയുടെയും പരിഗണനയ്ക്കുശേഷം പ്രസിദ്ധീകരിച്ച പട്ടികയെക്കുറിച്ച് പരാതി ഉയര്‍ന്നതിനുപിന്നില്‍ ചില വ്യക്തിതാത്പര്യങ്ങളാണെന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്. കെ.പി.സി.സി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചുമതലയുള്ള കെ.പി.സി.സി. സെക്രട്ടറി അബ്ദുറഹ്മാന്‍കുട്ടി ചര്‍ച്ച നടത്തിയെങ്കിലും ഒരു വിഭാഗം വഴങ്ങിയില്ലെന്ന് ഡി.സി.സി. നേതൃത്വം പറയുന്നു.

തുടര്‍ന്നാണ് ചിറ്റൂരിലെ പ്രശ്‌നം അവിടെ ആദ്യം തീര്‍ക്കാന്‍ നിര്‍ദേശിച്ചത്. വിജയസാധ്യത പരിഗണിച്ച് നഗരസഭാ സീറ്റില്‍ കെ. മധുവിനും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടഞ്ചേരി ഡിവിഷനില്‍ എ. സുമേഷിനും ചിഹ്നം അനുവദിക്കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

സ്വതന്ത്രനായി പത്രിക നല്‍കിയ സുമേഷ് തിങ്കളാഴ്ച പത്രിക പിന്‍വലിച്ചേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസും യു.ഡി.എഫും തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന അപൂര്‍വം നഗരസഭകളിലൊന്നാണ് ചിറ്റൂര്‍-തത്തമംഗലം.