ഷൊര്‍ണൂര്‍: വേനല്‍ച്ചൂട് കനത്തതാണെങ്കിലും സ്ഥാനാര്‍ഥികളുടെ മനസ്സിലെ ചൂട് അതിലും വലുതാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം രണ്ടാം ഘട്ടത്തിലേക്കെത്തി നില്‍ക്കയാണിപ്പോള്‍. വീടുകള്‍കയറിയുള്ള പ്രചാരണവും കണ്‍വെന്‍ഷനുകളുമാണിപ്പോള്‍ നടക്കുന്നത്.

ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ ഇതുവരെ ആരും സംഘടിപ്പിച്ചിട്ടില്ല. പലസ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും പാലിക്കാതെയുമാണ് പ്രചാരണം നടക്കുന്നത്. അവധിദിവസങ്ങളില്‍ വീടുകളിലെത്താന്‍ സ്ഥാനാര്‍ഥികള്‍ തിരക്കിട്ട ഓട്ടത്തിലാണ്. സ്ഥാനം ഉറപ്പിച്ചതോടെയാണ് പ്രചാരണത്തിന് ചൂടേറിയിരിക്കുന്നത്. മുന്നണികളും സ്വതന്ത്രരും വിമതരുമെല്ലാം പ്രചാരണപരിപാടികള്‍ കൊഴുപ്പിക്കുന്നുണ്ട്. പല സ്ഥാനാര്‍ഥികളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുള്ള ഹ്രസ്വ വീഡിയോചിത്രങ്ങളുമായാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ സേവനപ്രവര്‍ത്തനവും ജനപ്രതിനിധിയാകാനുള്ള യോഗ്യതയുമെല്ലാം ഈ ഹ്രസ്വചിത്രത്തിലൂടെ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തവണ കൂടുതല്‍ പ്രചാരണം നടക്കുന്നത്. കോവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വീടുകളില്‍ കയറാനും പ്രായമായവരെ കാണാനും ചിലര്‍ ബുദ്ധിമുട്ടറിയിക്കുന്നത് സ്ഥാനാര്‍ഥികളെ പ്രതിരോധത്തിലാക്കുന്നു.

ചെറുസംഘങ്ങളായാണ് ഇത്തവണ വീടുകളിലെത്തി വോട്ടഭ്യര്‍ഥിക്കുന്നത്. കൂട്ടിക്കിഴിക്കലുകള്‍ നടത്തി വോട്ടുറപ്പുള്ള വീടുകളിലെത്താന്‍ സ്ഥാനാര്‍ഥികള്‍ പാടുപെടുകയാണ്. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഓരോവാര്‍ഡിലും എത്രപേര്‍ മത്സരരംഗത്തുണ്ടെന്ന കാര്യത്തില്‍ അന്തിമതീരുമാനമാകും. വിമതരെയും സ്വതന്ത്രരെയും പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ മുന്നണിനേതാക്കള്‍ നടത്തുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ പലരും പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന.