പാലക്കാട്: പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ വികസനമുന്നണി സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കും. ഞായറാഴ്ചനടന്ന സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സബ് കമ്മിറ്റി യോഗത്തില്‍ പട്ടഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസിന് പാര്‍ട്ടിചിഹ്നം നല്‍കാന്‍ തീരുമാനമായതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. പട്ടഞ്ചേരി പഞ്ചായത്തിലെ 14-ാം വാര്‍ഡായ കടുചിറയില്‍നിന്ന് പി.എസ്. ശിവദാസിനെ മത്സരിപ്പിക്കാനാണ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്.

നാലുതവണ തുടര്‍ച്ചയായി വിജയിച്ചവര്‍ മത്സരിക്കേണ്ടെന്ന തീരുമാനം പി.എസ്. ശിവദാസിന്റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയായി. പാര്‍ട്ടിചിഹ്നം അനുവദിക്കുന്നതിലെ ബുദ്ധിമുട്ട് ജില്ലാനേതൃത്വം വ്യക്തമാക്കി. ഇതോടെ ശിവദാസിനൊപ്പം പത്രികസമര്‍പ്പിച്ച 12 പേരും സ്വതന്ത്രസ്ഥാനാര്‍ഥികളെന്ന നിലയ്ക്കാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. വികസനമുന്നണിയെന്ന പേരില്‍ മത്സരിക്കാനും തീരുമാനിച്ചു. നേരത്തേ പട്ടികനല്‍കിയിരുന്നവരും പിന്തുണയ്ക്കുമെന്നായതോടെ വെട്ടിലായത് നേതൃത്വമാണ്.

ചിറ്റൂര്‍-തത്തമംഗലം നഗരസഭാ അധ്യക്ഷനായിരുന്ന കെ. മധു, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടഞ്ചേരി ഡിവിഷനില്‍നിന്ന് പത്രികസമര്‍പ്പിച്ച ഡി.സി.സി. വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എ. കെ. അച്യുതന്റെ മകനുമായ എ. സുമേഷിനും മത്സരിക്കാന്‍ അനുമതി നല്‍കാതിരുന്നതും പാര്‍ട്ടിയില്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വിജയസാധ്യതയും പാര്‍ട്ടിക്കുണ്ടാകാകുന്ന നേട്ടവും കണക്കിലെടുത്ത് പി.എസ്. ശിവദാസ്, കെ. മധു, എ. സുമേഷ് എന്നിവര്‍ക്ക് സ്ഥാനാര്‍ഥിത്വവും ചിഹ്നവും അനുവദിക്കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഞായറാഴ്ച പി.എസ്. ശിവദാസ് സ്ഥാനാര്‍ഥിനിര്‍ണയ കമ്മിറ്റിക്ക് പ്രത്യേക നിവേദനം നല്‍കി. കെ.പി.സി.സി. തീരുമാനം അംഗീകരിച്ച് മത്സരരംഗത്തുനിന്ന് മാറി നില്‍ക്കുന്നതായി താന്‍ നേരത്തേ ഡി.സി.സി. പ്രസിഡന്റിനെ അറിയിച്ചിരുന്നതായും പി.എസ്. ശിവദാസ് വ്യക്തമാക്കി. പ്രവര്‍ത്തകരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മത്സരിക്കുന്നതെന്നും നാലുതവണ തുടര്‍ച്ചയായി ഇടതുപക്ഷം വിജയിച്ച വാര്‍ഡിലാണ് പത്രിക സമര്‍പ്പിച്ചതെന്നും ശിവദാസ് പറഞ്ഞു .

പട്ടഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേരിട്ടിടപെട്ട് പരിഹരിച്ചതായി നേതൃത്വം അറിയിച്ചു. നാലുതവണ പൂര്‍ത്തിയാക്കിവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാന പ്രകാരം ഡി.സി.സി. പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ പട്ടഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസന്റെ പേരില്ലായിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ശിവദാസിനുവേണ്ടി രംഗത്ത് വരികയായിരുന്നു. ഞായറാഴ്ചത്തെ തീരുമാനത്തോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇളവുനല്‍കിയവരുടെ പട്ടികയില്‍ പി.എസ്. ശിവദാസും ഇടംപിടിച്ചു.

കോണ്‍ഗ്രസ് പരാജയപ്പെട്ട പഞ്ചായത്തുകളിലെ പാര്‍ട്ടി തോറ്റ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ക്കാണ് നാലുതവണ എന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കിയത്. ആറ് തവണ പൂര്‍ത്തിയാക്കിയ ശിവദാസിന് ഇളവ് ലഭിച്ചതോടെ എല്ലാ സ്ഥാനാര്‍ഥികളും കൈ ചിഹ്നത്തില്‍ത്തന്നെ മത്സരിക്കാന്‍ തീരുമാനിച്ചതായി ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എം.പി. അറിയിച്ചു. ഈ തീരുമാനം വന്നതോടെ രണ്ടുദിവസം മുന്‍പ് രൂപവത്കരിച്ച പട്ടഞ്ചേരി വികസനമുന്നണി പിരിച്ചുവിട്ടതായി പി.എസ്. ശിവദാസ് ഡി.സി.സി. നേതൃത്വത്തെ അറിയിച്ചു. വി.എസ്. വിജയരാഘവന്‍, സി. ചന്ദ്രന്‍, സി.വി. ബാലചന്ദ്രന്‍, സി.പി. മുഹമ്മദ്, എ. രാമസ്വാമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.