ഒറ്റപ്പാലം: നഗരസഭയിലെ സി.പി.എം. വിമതരായ സ്വതന്ത്രമുന്നണിക്കും വിമതസ്ഥാനാര്‍ഥി. വാര്‍ഡ് 28 കണ്ണിയംപുറം കിള്ളിക്കാവിലാണ് സ്വതന്ത്രമുന്നണി സ്ഥാനാര്‍ഥിക്കെതിരേ വിമതസ്ഥാനാര്‍ഥിയുള്ളത്. മുമ്പ് കൗണ്‍സിലറായിരുന്ന സ്വതന്ത്രമുന്നണിയിലുണ്ടായിരുന്ന എം. മുരളിയാണ് വിമതനായി മത്സരിക്കുന്നത്. സ്വതന്ത്രമുന്നണിക്കെതിരേ സ്വതന്ത്ര ജനകീയമുന്നണിയെന്നപേരിലാണ് മത്സരം.

പൂര്‍ത്തിയായ ഭരണസമിതിയിലെ കിള്ളിക്കാവ് വാര്‍ഡ് കൗണ്‍സിലറായിരുന്ന എ. രൂപ ഉണ്ണിയാണ് ഇത്തവണയും സ്വതന്ത്രമുന്നണി സ്ഥാനാര്‍ഥി. 2015-ല്‍ വനിതാസംവരണ വാര്‍ഡായിരുന്നു. ഇത്തവണ ജനറല്‍ വാര്‍ഡായതോടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തര്‍ക്കങ്ങളുണ്ടായി. പുരുഷസ്ഥാനാര്‍ഥി വേണമെന്ന വാദമാണ് താന്‍ ഉയര്‍ത്തിയതെന്നും അത് മുന്നണി നിഷേധിച്ചെന്നും മുരളി പറഞ്ഞു. ഇതോടെയാണ് സ്വതന്ത്ര ജനകീയമുന്നണി രൂപവത്കരിച്ച് സ്ഥാനാര്‍ഥിയായതെന്നും സ്വതന്ത്രമുന്നണിയിലും ഏകാധിപത്യമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, മുന്നണിയുടെ തീരുമാനം രൂപ ഉണ്ണിയെ മത്സരിപ്പിക്കാനായിരുന്നുവെന്ന് സ്വതന്ത്രമുന്നണി സെക്രട്ടറി എസ്.ആര്‍. പ്രകാശ് പ്രതികരിച്ചു. 2010-ല്‍ യു.ഡി.എഫ്. നേതൃത്വംനല്‍കിയിരുന്ന ഭരണസമിതിയില്‍ സ്വതന്ത്രമുന്നണിയുടെ കൗണ്‍സിലറായിരുന്നു മുരളി. അന്ന് സ്വതന്ത്രമുന്നണിയുടെ പിന്തുണയോടെയാണ് യു.ഡി.എഫ്. ഭരിച്ചിരുന്നത്.

ഇത്തവണ സ്വതന്ത്രമുന്നണിയുമായുണ്ടാക്കിയ ധാരണപ്രകാരം വാര്‍ഡില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയില്ല. എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെ പി. രമേഷ് കുമാറാണ് കിള്ളിക്കാവിലെ സ്ഥാനാര്‍ഥി. ബി.ജെ.പി.ക്കായി എ. പ്രസാദാണ് വാര്‍ഡില്‍ മത്സരിക്കുന്നത്. സി.പി.എം. വിമതര്‍ക്കും വിമതന്‍ വന്നതോടെ വാര്‍ഡിലെ തിരഞ്ഞെടുപ്പില്‍ തീ പാറും.