electionഒറ്റപ്പാലം: നഗരസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും സി.പി.എം.വിമതരായ സ്വതന്ത്രമുന്നണിയും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ആകെയുള്ള 36 സീറ്റുകളില്‍ 26 വാര്‍ഡുകളില്‍ യു.ഡി.എഫും എട്ട് സീറ്റുകളില്‍ സ്വതന്ത്രമുന്നണിയും മത്സരിക്കും. മറ്റ് രണ്ട് സീറ്റുകളില്‍ പൊതുസ്വതന്ത്രര്‍ക്ക് പിന്തുണനല്‍കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യന്‍ പെരുമ്പറക്കോട്, മണ്ഡലം പ്രസിഡന്റ് എന്‍.കെ. ജയരാജ് എന്നിവര്‍ അറിയിച്ചു.

ഒന്നാംവാര്‍ഡ് അനങ്ങന്‍മല, രണ്ടാംവാര്‍ഡ് വരോട് എന്നിവിടങ്ങളിലാണ് പൊതുസ്വതന്ത്രനെ പിന്തുണയ്ക്കുക. യു.ഡി.എഫില്‍ 21 വാര്‍ഡില്‍ കോണ്‍ഗ്രസും നാലിടത്ത് മുസ്ലിംലീഗും ഒരുവാര്‍ഡില്‍ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും.

2010 മുതല്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമുന്നണി മത്സരരംഗത്തുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ ഭരണസമിതികളില്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരം ധാരണകള്‍ ഉണ്ടാക്കിയിരുന്നത്. 2010-ല്‍ നഗരസഭാ ഭരണം സ്വതന്ത്രമുന്നണിയുടെ പിന്തുണയോടെ യു.ഡി.എഫ്. പിടിക്കയും ചെയ്തിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ധാരണയാക്കി ഭരണം പിടിക്കയെന്നതാണ് ലക്ഷ്യം. ഒറ്റപ്പാലത്തിന് പുറമേ വാണിയംകുളത്തും സ്വതന്ത്രമുന്നണിയുമായി യു.ഡി.എഫ്. ധാരണയിലെത്തിയിട്ടുണ്ട്. നിലവിലെ സ്ഥിരംസമിതി അധ്യക്ഷനും രണ്ട് കൗണ്‍സിലര്‍മാരും ഇത്തവണയും മത്സരരംഗത്തുണ്ട്.

സ്വതന്ത്രമുന്നണി സ്ഥാനാര്‍ഥികള്‍:

12. ടി.എസ്. ശ്രീകുമാരന്‍, 16. എ.പി. ലത, 21. സി. കുട്ടിശങ്കരന്‍, 28. എ. രൂപ ഉണ്ണി, 32. കെ. സതീദേവി, 33. ഇ. പ്രഭാകരന്‍, 35. കെ.വി. പാര്‍വതി, 36. വി.കെ. മോഹനന്‍.