ചിറ്റൂർ: ഏഴുപതിറ്റാണ്ടിലധികം യു.ഡി.ഫിന്റെ ഉറച്ചകോട്ടയായ ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ ചരിത്രവിജയം കുറിച്ച് എൽ.ഡി.എഫ്. ആകെയുള്ള 29 വാർഡുകളിൽ 16 വാർഡുകളും പിടിച്ചെടുത്തായിരുന്നു എൽ.ഡി.എഫിന്റെ മിന്നുംജയം. കാലങ്ങളായി യു.ഡി.എഫിന്റെ സിറ്റിങ് വാർഡുകളായിരുന്നവയിൽ പലതും ഇക്കുറി തകർന്നടിഞ്ഞു. വെറും 12 സീറ്റുകൾ മാത്രമാണ് യു.ഡി.എഫിന് ഇക്കുറി നേടാനായത്. എസ്.ഡി.പി.ഐ. ഒരുസീറ്റിലും വിജയിച്ചു.

1908-ൽ രൂപവത്‌കരിച്ച ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ കഴിഞ്ഞ 74 വർഷത്തോളം യു.ഡി.എഫിന്റെ കൈയിലായിരുന്നു ഭരണം. ആദ്യമായാണ് എൽ.ഡി.എഫ്. അധികാരത്തിലെത്തുന്നത്. എൽ.ഡി.എഫ്. സ്വതന്ത്രരായി കുട ചിഹ്നത്തിൽ അണിനിരന്ന 17 സ്ഥാനാർഥികളിൽ 10 പേരും ഇക്കുറി വിജയംനേടി. സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച ആറുപേർ വിജയിച്ചങ്കെിലും എൽ.ഡി.എഫ് ഘടകകഷികളാളായ ജനതാദൾ (എസ്), കേരള കോൺഗ്രസ് (എം) പാർട്ടികളിലെ സ്ഥാനാർഥികൾ തോറ്റു.

കഴിഞ്ഞതവണ നേടിയതിൽ ഒമ്പതുസീറ്റുകൾ എൽ.ഡി.എഫ്. ഇക്കുറി നിലനിർത്തി. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ ഉൾപ്പെടെ ഏഴുവാർഡുകൾ പിടിച്ചെടുത്തപ്പോൾ രണ്ടുവാർഡുകൾ നഷ്ടമായി. കോൺഗ്രസിന്റെ ഉറച്ച സിറ്റിങ് വാർഡുകളായ വടക്കത്തറ വാർഡിൽ കവിതയും കോളേജ് വാർഡിൽ മുകേഷും കടവളവ് വാർഡിൽ വിജുവും വിജയിച്ചു.

കഴിഞ്ഞതവണ നഗരസഭാ ചെയർമാനായിരുന്ന കെ. മധു 28 വോട്ടുകൾക്ക് വിജയിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു കെ.സി. പ്രീതും ജയിച്ചു. എന്നാൽ, കഴിഞ്ഞതവണ ജില്ലാപഞ്ചായത്തംഗമായിരുന്ന എൻ.എസ്. ശില്പ, മുൻ നഗരസഭാ ചെയർപേഴ്‌സൺ വി. സുമതി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന സുബ്രദാം, കോൺഗ്രസ് നേതാവ് മുരളി തറക്കളം എന്നിവർ തോറ്റു. മേട്ടുവളവിൽനിന്നാണ് എസ്.ഡി.പി.ഐ. സ്ഥാനാർഥി സക്കീർഹുസൈൻ ജയിച്ചത്.