പാലക്കാട്: ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനൊന്നും നേടി എൽ.ഡി.എഫ് 2015-ലെ വിജയം ആവർത്തിച്ചു.

തൃത്താല, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, പാലക്കാട്, കുഴൽമന്ദം, ചിറ്റൂർ, കൊല്ളങ്കോട്, നെന്മാറ, മലമ്പുഴ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തുകളാണ് മികച്ച വിജയത്തോടെ എൽ.ഡി.എഫ്. നിലനിർത്തിയത്. മണ്ണാർക്കാട്, പട്ടാമ്പി ബ്ലോക്കുകൾ യു.ഡി.എഫ്. നിലനിർത്തി. ഇതിൽ 17 സീറ്റുള്ള മണ്ണാർക്കാട് ബ്ലോക്കിൽ മൂന്ന് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ്. മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, പട്ടാമ്പിയിൽ 2015-നെ അപേക്ഷിച്ച് രണ്ടു സീറ്റ് കുറഞ്ഞത് അവർക്ക് തിരിച്ചടിയായി. മണ്ണാർക്കാട് ബ്ലോക്കിൽ 2015-ൽ ഒൻപത് സീറ്റുണ്ടായിരുന്ന യു.ഡി.എഫ്. ഇക്കുറി അത് 12 ആക്കി. എൽ.ഡി.എഫ്. എട്ടിൽനിന്ന് അഞ്ചായി ചുരുങ്ങി.

പട്ടാമ്പിയിൽ ആകെയുള്ള 15 സീറ്റിൽ എട്ടും നേടിയാണ് യു.ഡി.എഫ്. ഭരണം നിലനിർത്തിയത്. എൽ.ഡി.എഫ്. ഏഴ് സീറ്റോടെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഇവിടെ 10 സീറ്റും എൽ.ഡി.എഫ്. ആറു സീറ്റുമാണ് നേടിയത്.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 സീറ്റിൽ ഒൻപത് സീറ്റ് നേടി എൽ.ഡി.എഫ്. ഭരണം നിലനിർത്തി. യു.ഡി.എഫ്. മൂന്ന്‌ സീറ്റ്‌ സ്വന്തമാക്കി. കഴിഞ്ഞ തവണ പുതൂർ ഡിവിഷൻ നേടിയിരുന്ന ബി.ജെ.പി. ഇക്കുറി അത് നഷ്ടപ്പെടുത്തി പകരം താവളം സീറ്റ് പിടിച്ചെടുത്തു. സി.പി.ഐ. വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശൻ ചിണ്ടക്കി ഡിവിഷനിൽനിന്ന് 311 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടു.

ആലത്തൂരിലെ പതിനഞ്ചും ഇടതിന്

:ആലത്തൂരിൽ ആകെയുള്ള 15 സീറ്റും നേടി എൽ.ഡി.എഫ്. ഭരണത്തുടർച്ച നിലനിർത്തി. ചിറ്റൂർ ബ്ലോക്കിൽ ആകെയുള്ള 14 സീറ്റിൽ 11 സീറ്റ് നേടിയാണ് എൽ.ഡി.എഫ്. വിജയം നിലനിർത്തിയത്. യു.ഡി.എഫ്. ഇവിടെ മൂന്ന് സീറ്റുകൾ നേടി. വണ്ടിത്താവളം ഡിവിഷനിൽനിന്ന് ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസ് വിജയിച്ചു.

കൊല്ലങ്കോട് ബ്ലോക്കിൽ 13 സീറ്റിൽ 11-ഉം എൽ.ഡി.എഫ്. നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. യു.ഡി.എഫിന് പട്ടത്തലച്ചി ഡിവിഷനിൽ മാത്രമാണ് വിജയം നേടാനായത്.

പട്ടഞ്ചേരി ഡിവിഷനിൽനിന്ന് മത്സരിച്ച ജവഹർ ബാൽ മഞ്ച് ജില്ലാചെയർമാൻ എസ്. ശ്രീനാഥ് 120 വോട്ടിന് പരാജയപ്പെട്ടു.

ഇവിടെ സി.പി.എം. സ്ഥാനാർഥി എം. നിസ്സാറാണ് വിജയിച്ചത്. യു.ഡി.എഫ്. വിമതനായി മത്സരിച്ച സ്വതന്ത്രസ്ഥാനാർഥി ശ്രീജിത്ത് നേടിയ 193 വോട്ട് ഇവിടെ നിർണായകമായി.

കുഴൽമന്ദം ബ്ളോക്കിൽ ഇക്കുറി നിർണായക ലീഡ് നേടിയാണ് എൽ.ഡി.എഫ്. ഭരണം നിലനിർത്തിയത്. ആകെയുള്ള 13 സീറ്റിൽ പന്ത്രണ്ടും എൽ.ഡി.എഫ്. നേടിയപ്പോൾ ഒരു സീറ്റ് മാത്രമാണ് യു.ഡി.എഫ്. സ്വന്തമാക്കിയത്. മലമ്പുഴ ബ്ലോക്കിൽ ആകെയുള്ള 13 സീറ്റിൽ പന്ത്രണ്ടും എൽ.ഡി.എഫിനാണ്.

കണ്ണോട് ഡിവിഷനിൽ മാത്രമാണ് യു.ഡി.എഫിന്റെ ആശ്വാസജയം. വിജയിച്ച പ്രമുഖരിൽ മന്തക്കാടുനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ കാഞ്ചന സുദേവനുമുണ്ട്.

നെന്മാറ ബ്ലോക്കിലും മികച്ച പ്രകടനം പുറത്തെടുത്ത എൽ.ഡി.എഫ്. 13-ൽ 12 സീറ്റും നേടി ഭരണം നിലനിർത്തി. കയറാടി ഡിവിഷനിൽ യു.ഡി.എഫ്. വിജയിച്ചു.

ഒറ്റപ്പാലത്ത് എൽ.ഡി.എഫിന് സമ്പൂർണജയം

:ഒറ്റപ്പാലത്ത് ആകെയുള്ള 14 സീറ്റും നേടിയാണ് എൽ.ഡി.എഫ്. തേരോട്ടം. 2015-ൽ ലീഗ് ഇവിടെ രണ്ട്‌ സീറ്റ് നേടിയിരുന്നെങ്കിലും ഇക്കുറി രണ്ടും നഷ്ടപ്പെട്ടു.

പാലക്കാട് ബ്ലോക്കിൽ 10 സീറ്റ് നേടി എൽ.ഡി.എഫ്. ഭരണം നിലനിർത്തിയെന്നതിന് പുറമേ പറളി, തേനൂർ എന്നീ രണ്ട്‌ ഡിവിഷനുകൾ പിടിച്ചെടുത്ത് എൻ.ഡി.എ. അക്കൗണ്ട് തുറന്നത് ശ്രദ്ധേയമായി. യു.ഡി.എഫ്. ഇവിടെ രണ്ട് സീറ്റുകളാണ് കരസ്ഥമാക്കിയത്.

ശ്രീകൃഷ്ണപുരത്ത് 13-ൽ 12 സീറ്റും എൽ.ഡി.എഫിനാണ്. യു.ഡി.എഫിന്റെ പ്രകടനം കരിമ്പുഴ ഡിവിഷനിൽ മാത്രമായി ചുരുങ്ങി.

തൃത്താലയിൽ ആകെയുള്ള 14 സീറ്റിൽ 12ഉം നേടി എൽ.ഡി.എഫ്. ഭരണം നിലനിർത്തി. ഇവിടെ രണ്ട് സീറ്റുകളാണ് യു.ഡി.എഫിന്റെ സമ്പാദ്യം.