പാലക്കാട്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജില്ലയിലുണ്ടായ തിരിച്ചടി തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍. അടിസ്ഥാനപരമായ ആരോപണങ്ങള്‍ക്കെതിരേ രാഷ്ട്രീയ പരിശോധന നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം എല്‍.ഡി.എഫ്. കാഴ്ചവെക്കുമെന്നും പാലക്കാട് പ്രസ് ക്ലബ്ബില്‍നടന്ന മീറ്റ് ദി പ്രസ്സില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥിനിര്‍ണയം ഏറെക്കുറെ നേരത്തേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ഥികളുടെ പ്രചാരണം ഊര്‍ജിതമായി നടന്നുവരുന്നുണ്ട്.

സീറ്റ് ചര്‍ച്ചകളില്‍ മണ്ണൂരിലും കുമരംപുത്തൂരിലും സി.പി.ഐ.യുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. മണ്ണൂരില്‍ സി.പി.എം.വിട്ട് സി.പി.ഐ.യില്‍ ചേര്‍ന്നവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കമാണ് പ്രധാനമായും ഉള്ളത്. കുമരംപൂത്തൂരിലെ പ്രശ്‌നം സങ്കീര്‍ണമാണെന്ന് കരുതുന്നില്ല.

മറ്റ് ഘടകക്ഷികളുടെ സീറ്റാവശ്യങ്ങളില്‍ നീക്കുപോക്കുകള്‍ക്ക് ശ്രമം നടക്കുന്നുണ്ട്. 2015-ലെ സ്ഥിതി അടിസ്ഥാനമാക്കിയാണ് സീറ്റ് വിഭജനം നടന്നത്.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്. സര്‍ക്കാരിലെ ഒരു മന്ത്രിയും അഴിമതിക്കേസില്‍ കുടുങ്ങിയിട്ടില്ല. ഇതിന് പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു.ഡി.എഫും ബി.ജെ.പി.യും മറ്റുചില ആരോപണങ്ങളുമായി രംഗത്തുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ്. ജില്ലയില്‍ സുസജ്ജമായിക്കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനിടെ ജില്ലാപഞ്ചായത്തില്‍ 817 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്.

പാലക്കാട് നഗരസഭയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സി.പി.എം. തടസ്സം നില്‍ക്കുന്നെന്ന വാദം ശരിയല്ല. ബി.ജെ.പി.യും അതിനുമുമ്പ് അധികാരത്തിലിരുന്ന കോണ്‍ഗ്രസുംതന്നെയാണ് ഉത്തരവാദികള്‍. പാലക്കാട് നഗരസഭയുടെ ആസ്തി വികസനത്തിന് ഇവരുടെ ഭരണകാലത്ത് യാതൊരുശ്രമവും നടന്നിട്ടില്ല. പൂര്‍ത്തിയാവാത്ത അമൃത് പദ്ധതിയെക്കുറിച്ച് മാത്രമാണ് ബി.ജെ.പി.ക്ക് പറയാനുള്ളതെന്നും സി.കെ. രാജേന്ദ്രന്‍ പറഞ്ഞു.

content highlights: LDF will perform well in local body election says CK Rajendran