തിരുവനന്തപുരം: വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റിനെ അതിജീവിച്ച് തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മിന്നുന്ന പ്രകടനം. യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വിള്ളൽവീഴ്ത്തിയാണ് ഈ മുന്നേറ്റം. സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തിരഞ്ഞെടുപ്പിന്റെ ഫലം മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

പ്രതീക്ഷകൾ അസ്ഥാനത്തായ യു.ഡി.എഫിന് മുനിസിപ്പാലിറ്റികളിൽ മാത്രമാണ്‌ മേൽക്കൈ നേടാനായത്. ത്രിതലപഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും എൽ.ഡി.എഫ്. ആധികാരികജയം നേടി. നില മെച്ചപ്പെടുത്തിയെങ്കിലും ബി.ജെ.പി.ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 2015-ൽ ഒരു മുനിസിപ്പാലിറ്റിമാത്രം കിട്ടിയ ബി.ജെ.പി.ക്ക് ഇത്തവണ രണ്ടെണ്ണം കിട്ടി; പാലക്കാടിനുപുറമേ പന്തളവും. അവർക്ക് ഭൂരിപക്ഷമുള്ള ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 12-ൽനിന്ന് 23 ആയി. ഗ്രാമപ്പഞ്ചായത്തിൽ ‘ട്വന്റി ട്വന്റി’ എന്ന രാഷ്ട്രീയേതര മുന്നണി എറണാകുളം കിഴക്കമ്പലത്തിനുപുറമേ സമീപത്തെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽക്കൂടി ആധിപത്യം നേടി. നിലമ്പൂർ നഗരസഭയിൽ എൽ.ഡി.എഫ്‌. അട്ടിമറി വിജയം നേടിയപ്പോൾ ലീഗിന്‌ ഒറ്റ സീറ്റുപോലുമില്ല.

ഗുണമായത്‌ രാഷ്ട്രീയമാറ്റങ്ങൾ

:ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ എൽ.ഡി.എഫിലേക്കുള്ള വരവ് യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മികച്ച മുന്നേറ്റംനടത്താൻ എൽ.ഡി.എഫിനെ സഹായിച്ചു. ലോക് താന്ത്രിക് ജനതാദളിന്റെ വരവും നേട്ടമായി.

ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയം പുതുപ്പള്ളി പഞ്ചായത്തിൽ 30 വർഷത്തിനുശേഷം എൽ.ഡി.എഫിന്‌ ഭൂരിപക്ഷം നേടാനായി. പാലാ നഗരസഭയിൽ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ്. അധികാരത്തിലെത്തി.

വെൽഫയർ പാർട്ടിയുമായുണ്ടാക്കിയ ചങ്ങാത്തം യു.ഡി.എഫിന് കാര്യമായി ഗുണംചെയ്തില്ലെന്നാണ്‌ വിലയിരുത്തൽ. സ്വർണക്കടത്തുകേസിൽ ആരോപണവിധേയനായപ്പോൾ ഇടതുപക്ഷം പിന്തുണ പിൻവലിച്ച കാരാട്ട് ഫൈസൽ കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനിൽ ജയിച്ചു.

ഇടതുസ്വതന്ത്രൻ ഒ.പി. അബ്ദുൾ റഷീദിന് ഒരു വോട്ടുപോലും അവിടെ കിട്ടിയില്ല.