electionകൂറ്റനാട്: സ്റ്റെതസ്‌കോപ്പും കഴുത്തില്‍ത്തൂക്കി പൊതുരംഗത്തേക്ക് ചുവടുവെക്കുകയാണ് നാഗലശ്ശേരിയിലെ ഈ യുവ വനിതാസ്ഥാനാര്‍ഥി. നാഗലശ്ശേരി പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ എല്‍.ഡി.എഫിന് വേണ്ടിയാണ് ആയുര്‍വേദ ഡോക്ടറായ നിഷ വോട്ടുതേടുന്നത്.

വോട്ടുചോദ്യത്തിനിടെ നാട്ടുകാര്‍ക്ക് ഡോക്ടറോട് തിരിച്ചുചോദിക്കാന്‍ ഏറെയുണ്ട്. മിക്കവരുടെയും സംശയങ്ങള്‍ അസുഖങ്ങളെപ്പറ്റിത്തന്നെ. എല്ലാറ്റിനും മറുപടി നല്‍കിയാണ് നിഷയുടെ പ്രചാരണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കൂറ്റനാട്ടെയും പെരിങ്ങോട്ടെയും ആര്യവൈദ്യശാലകളില്‍ പ്രാക്ടീസ് ചെയുന്ന ഡോക്ടറെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. 'മിക്ക വീടുകളിലെയും സ്ത്രീ വോട്ടര്‍മാര്‍ പലപ്പോഴായി എന്റെ സ്ഥാപനത്തിലോ വീട്ടിലോ പരിശോധനയ്ക്കായി വരാറുണ്ട്' -നിഷ പറയുന്നു.

കോവിഡിനെ എങ്ങനെ ആയുര്‍വേദത്തിലൂടെയും നാട്ടുമരുന്നുകളിലൂടെയും പ്രതിരോധിക്കാം എന്നതാണ് മിക്കവരും ഇപ്പോള്‍ പ്രധാനമായും ചോദിക്കുന്നതെന്ന് അവര്‍ പറയുന്നു. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ 'ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' (എ.എം.എ.ഐ.) യുടെ പട്ടാമ്പി ഏരിയാകമ്മിറ്റി പ്രസിഡന്റ്, ജില്ലാ വനിതാ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. നിഷ, തൃശ്ശൂര്‍ ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂറ്റനാട്ടെ സാംസ്‌കാരിക കൂട്ടായ്മയായ 'മെഹ്ഫിലി'ലെ ഗായികകൂടിയാണ്. തൊഴുക്കാട് അശ്വിനിയില്‍ പി.വി. ശ്യാമിന്റെ ഭാര്യയാണ്. യു.ഡി.എഫില്‍ സിന്ധു സുധീറും ബി.ജെ.പി.യില്‍ ഷീബമോഹനനുമാണ് നിഷയുടെ എതിരാളികള്‍.

content highlights: LDF doctor candidate in nagalassery panchayat