electionചെര്‍പ്പുളശ്ശേരി: സ്വന്തം ഗ്രാമത്തില്‍നിന്ന് അഞ്ച് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക. തുടര്‍ച്ചയായി അഞ്ചുതവണയും ഭൂരിപക്ഷമുയര്‍ത്തി വിജയിക്കുക. ആറാംതവണയും മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിക്കുക. ഇതെല്ലാം ഒരു വനിതയെ സംബന്ധിച്ചിടത്തോളം ഭാഗ്യം തന്നെ. ഇത്തരമൊരു അവസരം ലഭിച്ച വീട്ടമ്മയാണ് നെല്ലായയില്‍ രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റും ഒരുതവണ വൈസ്പ്രസിഡന്റും ഒരുതവണ പഞ്ചായത്തംഗവുമായിരുന്ന പൊമ്പിലായ കരിയാട്ടില്‍ അത്തിക്കോട്ട് വീട്ടില്‍ കെ.പി. വസന്ത.

കന്നിയങ്കത്തില്‍ തന്നെ നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തി. കാല്‍നൂറ്റാണ്ട് പിന്നിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ ആറാം അവസരമെന്നും വിമുക്തഭടനായ ഭര്‍ത്താവ് പ്രഭാകരന്‍നായരുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും പാര്‍ട്ടിയുടെയുമെല്ലാം കലവറയില്ലാത്ത സഹകരണമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്നും കെ.പി. വസന്ത പറയുന്നു.

1995-ല്‍ കന്നിയങ്കത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പിന്നീടെല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാര്‍ഥിയായും. 2015-ല്‍ ബ്ലോക്ക്പഞ്ചായത്തിലേക്കാണ് മത്സരിച്ചത്. വിജയിച്ചതോടെ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായി. ആദ്യത്തെ നാലുതവണയും ഇപ്പോള്‍ ആറാംതവണയും മത്സരിക്കുന്നത് സ്വന്തം ഗ്രാമമായ പൊമ്പിലായയില്‍നിന്നുതന്നെ.

1995-ലും 2010-ലും പഞ്ചായത്ത് പ്രസിഡന്റും 2000-ല്‍ വൈസ്പ്രസിഡന്റുമായ ഇവര്‍ 2005-ലും പഞ്ചായത്തംഗമായി. ബ്ലോക്ക്പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നെല്ലായ പഞ്ചായത്തിലെ എഴുവന്തല ഡിവിഷനില്‍നിന്നാണ്.

57-ാം വയസ്സിലും കന്നിയങ്കത്തിലെ പ്രസരിപ്പോടെത്തന്നെയാണ് നാട്ടുകാരുടെ 'വസന്തോപ്പ'യായ കെ.പി. വസന്തയുടെ പ്രചാരണപ്രവര്‍ത്തനം. സി.പി.എം. ചെര്‍പ്പുളശ്ശേരി ഏരിയാകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ജോയന്റ് സെക്രട്ടറിയുമാണ് ഇവര്‍.

content highlights: KP Vasantha contest in election sixth time