kpccപാലക്കാട്: കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സീറ്റിലെ യു.ഡി.എഫ്. സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് ‌പുറത്തിറക്കിയപ്പോൾ ഐ ഗ്രൂപ്പിലെ ഒരുവിഭാഗത്തിന് കനത്ത തിരിച്ചടി.

കോൺഗ്രസ് ഒ.ബി.സി. ഡിപ്പാർട്ട്മെൻറ് സംസ്ഥാന ചെയർമാനും ഡി.സി.സി. വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതന് പട്ടഞ്ചേരി ഡിവിഷനിൽ സീറ്റ് ലഭിച്ചില്ല.

കോൺഗ്രസിന് വിജയപ്രതീക്ഷ ഏറെയുള്ള ഇവിടെ ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ എസ്. ശ്രീനാഥിനാണ് ടിക്കറ്റ് ലഭിച്ചത്.

ബ്ലോക്ക് തലത്തിൽ നടന്ന സീറ്റ് ചർച്ചയിൽ തീരുമാനമുണ്ടാകാത്തതോടെയാണ് സുമേഷിന്റെയും ശ്രീനാഥിന്റെയും പേരുകൾ ജില്ലാസമിതിക്ക്‌ മുന്നിൽ എത്തിയത്. താഴേത്തട്ടിൽ നടന്ന ചർച്ചകളുടെ വിവരം ശേഖരിച്ചശേഷം മുതിർന്ന നേതാക്കളടങ്ങുന്ന ഏഴംഗസമിതി ഐകകണ്ഠ്യേന ശ്രീനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

സ്ഥാനാർഥിനിർണയത്തിനെതിരേ കെ.പി.സി.സി.ക്ക് പരാതി നൽകിയതായി സുമേഷ് അച്യുതൻ പറഞ്ഞു.

കൊല്ലങ്കോട് ഡിവിഷനിലെ കാമ്പ്രത്തുചള്ള സീറ്റിനായും അവസാനനിമിഷം വരെ മത്സരമുണ്ടായിരുന്നു. ഇവരുടെ പേരുകൾ ജില്ലാകമ്മിറ്റി പരിഗണിച്ചപ്പോൾ പി. മാധവന് നറുക്ക്‌ വീണു. തീരുമാനത്തിനെതിരെയും കെ.പി.സി.സി.ക്ക് പരാതി ലഭിച്ചു.

content highlights: Kollengode Block Panchayath UDF candidate list