തിരുവേഗപ്പുറ: കേരളത്തിന്റെ റഗ്ബിടീം അംഗം കാഞ്ചന രാഗേഷ് തിരഞ്ഞെടുപ്പുകളത്തിലും ബൂട്ടണിഞ്ഞ് റെഡി. തിരുവേഗപ്പുറ പഞ്ചായത്തിലെ 10-ാംവാര്‍ഡ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് കാഞ്ചന.
പഞ്ചായത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രായം കുറഞ്ഞയാള്‍കൂടിയാണ് 22-കാരിയായ കാഞ്ചന. സ്‌കൂള്‍ പഠനകാലത്ത് ഫുട്ബോള്‍ ടീം അംഗമായിരുന്നു. ജില്ലാ ഫുട്ബോള്‍ ടീം അംഗവുമായി. പാലക്കാട് മേഴ്സി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സോഫ്റ്റ്‌ബോള്‍, നെറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ എന്നിവയില്‍ മികവുപുലര്‍ത്തി. പിന്നീടാണ് റഗ്ബിയിലേക്ക് തിരിഞ്ഞത്. കേരള റഗ്ബി ടീമില്‍ ഇടം നേടി. ബിഹാറില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളത്തിനുവേണ്ടി കളിച്ചു. കേരള ടാര്‍ഗറ്റ് ടീമിന്റെ ക്യാപ്റ്റനുമായി. നിലവില്‍ ടീം അംഗമാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ചളവറ സ്വദേശിനിയായ കാഞ്ചന തിരുവേഗപ്പുറയുടെ മരുമകളായി എത്തുന്നത്. മാഞ്ഞാമ്പ്ര സ്വദേശി രാകേഷാണ് ഭര്‍ത്താവ്. പട്ടാമ്പി സി.ജി.എം. സ്‌കൂളിലെ കായികാധ്യാപികയാണ് കാഞ്ചന. എം.എ. പഠനവും തുടരുന്നുണ്ട്. കുടുംബത്തിന്റെ താത്പര്യവും പിന്തുണയുമാണ് തിരഞ്ഞെടുപ്പുകളത്തിലെത്തിച്ചതെന്ന് കാഞ്ചന പറഞ്ഞു. വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സിന്ധുവും എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി എം.പി. ഗ്രീഷ്മയും മത്സരരംഗത്തുണ്ട്.