ldfപാലക്കാട്: യു.ഡി.എഫിന്റെയും എന്‍.ഡി.എ.യുടെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ്. ജില്ലയില്‍ ഇടതുസ്വതന്ത്രന്മാരെ കൂടുതല്‍ കളത്തിലിറക്കും. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും വ്യക്തികള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നുമുള്ള വിലയിരുത്തലിലാണിത്.

യു.ഡി.എഫും എല്‍.ഡി.എഫും സ്ഥിരമായി വിജയിക്കുന്ന സ്ഥലത്തുള്ളവര്‍ ബദല്‍മുന്നണി ആഗ്രഹിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ സാധ്യതയില്ലെന്നും വിലയിരുത്തുന്നു. ഇതേത്തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയെ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിപ്പിക്കുമ്പോള്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ്. കണക്കുകൂട്ടുന്നത്. മുന്‍പ് തൊട്ടടുത്ത വാര്‍ഡുകളില്‍ മത്സരിച്ചുവിജയിച്ച പാര്‍ട്ടിപ്രവര്‍ത്തകരെയും ഇതിനായി പരിഗണിക്കുന്നുണ്ട്. ഈ ജനപ്രതിനിധികള്‍ നടപ്പാക്കിയ വികസനങ്ങള്‍ പുതിയസ്ഥലത്തും വോട്ടാക്കിമാറ്റാന്‍ കഴിയുമെന്ന കാഴ്ചപ്പാടിലാണിത്.

കോവിഡ് കാലമായതിനാല്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തിലെത്തിക്കുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങളിലും കൃത്യമായ കാഴ്ചപ്പാടുകള്‍ എല്‍.ഡി.എഫിനുണ്ട്. വോട്ട് എല്‍.ഡി.എഫിനാണെന്ന് ഉറപ്പുള്ളവരെ മാത്രം എന്തുവില കൊടുത്തും വോട്ടുചെയ്യാന്‍ കൊണ്ടുവരാനാണ് പരിപാടി.

content highlights: ldf considering more left independent candidates in palakkad