കഞ്ചിക്കോട്: ദേശീയപാതയോട് ചേര്‍ന്ന് 122.84 ചതുരശ്ര കിലോമീറ്ററില്‍ സംസ്ഥാനാതിര്‍ത്തിയായ വാളയാര്‍ മുതല്‍ മലമ്പുഴയുടെ അതിര്‍ത്തിവരെ വ്യാപിച്ചുകിടക്കുന്ന പ്രധാന പഞ്ചായത്തുകളിലൊന്നാണ് പുതുശ്ശേരി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാവസായികമേഖലയും സംസ്ഥാനത്തെ ആദ്യത്തെ ഐ.ഐ.ടി.യും ഈ പഞ്ചായത്തിലാണ്. കാലങ്ങളായി കടുത്ത മലിനീകരണപ്രശ്‌നവും കുടിവെള്ളപ്രശ്‌നങ്ങളും വന്യമൃഗശല്യവും പ്രധാനചര്‍ച്ചകളാണ്.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണവും ചെല്ലങ്കാവ് മദ്യദുരന്തവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. കാലങ്ങളായി സി.പി.എം ഭരിക്കുന്ന ഇവിടെ യു.ഡി.എഫും ഭരണത്തില്‍ വന്നിരുന്നു. വികസനം മുന്‍നിര്‍ത്തി വോട്ട് വാങ്ങാന്‍ സി.പി.എമ്മും ജനകീയപ്രശ്‌നങ്ങളുയര്‍ത്തി ജയിക്കാന്‍ കോണ്‍ഗ്രസ്സും കച്ചകെട്ടുകയാണ്.

മികച്ച പഞ്ചായത്താക്കി മാറ്റി

* സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി പിരിച്ചെടുത്ത പഞ്ചായത്തുകളിലൊന്നാണിത് * മുഴുവന്‍ പേര്‍ക്കും സബ്സിഡിയില്‍ കുടിവെള്ളം ലഭ്യമാക്കുന്നു, ജലജീവന്‍ മിഷനും നടപ്പാക്കുന്നു, വാളയാര്‍ മേഖലയിലെ കുടിവെള്ളപ്രശ്‌നത്തിന് 67 ലക്ഷം കെട്ടിവെച്ചു. മലമ്പുഴ വെള്ളം എല്ലായിടത്തുമെത്തും * കര്‍ഷകര്‍ക്ക് ഉഴവുകൂലിയും സബ്സിഡിയില്‍ വളവും സൗജന്യമായി വിത്തും നല്‍കി. * ലൈഫ് പദ്ധതിയില്‍ 450 വീടുകളാണ് അനുവദിച്ചത്. 11 കോടി പഞ്ചായത്ത് ഇതിനായി വായ്പയെടുത്തു. ചടയന്‍കാലായില്‍ അത്യാധുനിക കല്യാണമണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു * എല്ലാ വാര്‍ഡുകളിലെയും തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി. ആക്കി. പ്രളയത്തില്‍ തകര്‍ന്ന ഒരു തടയണയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു * വന്യമൃഗശല്യത്തിനെതിരെ ഏഴ് വാര്‍ഡുകളില്‍ സംവിധാനം. -കെ. ഉണ്ണിക്കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ്

കാര്യക്ഷമമല്ലാത്ത വികസനം

* പ്രളയബാധിതമേഖലകളില്‍ നടത്തിയ പുനഃനിര്‍മ്മാണങ്ങള്‍ വൈകി. ഈ പദ്ധതികള്‍ കാര്യക്ഷമമല്ലാതാകുകയും ചെയ്തു. ഏക്കറുകളോളം കൃഷിയാണ് വെള്ളം കയറി നശിച്ചത് * വന്യമൃഗശല്യത്തിനെതിരെ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന റെയില്‍ ഫെന്‍സിങ് ഫണ്ടനുവദിച്ചിട്ടും പഞ്ചായത്തില്‍ നടപ്പാക്കിയില്ല * റോഡുകള്‍ പലതും മോശമാണ് * മാലിന്യസംസ്‌കരണത്തിന് സംവിധാനമില്ല * ഒന്‍പത് വാര്‍ഡുകളില്‍ ഇപ്പോഴും മലമ്പുഴ വെള്ളമെത്തിയിട്ടില്ല *വ്യവസായമേഖലയില്‍ കമ്പനികള്‍ പൂട്ടിപ്പോകുന്നതിനെതിരെ പഞ്ചായത്ത് ഒന്നും ചെയ്തിട്ടില്ല. ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത് * പഞ്ചായത്തിന്റേതായി പൂര്‍ത്തിയാക്കുന്ന കല്യാണമണ്ഡപം കരാര്‍ ഏല്‍പ്പിച്ച കമ്പനിമൂലം നിര്‍മ്മാണം വൈകി * തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കോവിഡ് കാലത്ത് യാതൊരു സഹായവും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. - എസ്.കെ. അനന്തകൃഷ്ണന്‍, കോണ്‍ഗ്രസ്

ജനം പറയുന്നു - പുതുശ്ശേരിയടക്കമുള്ള ഭാഗങ്ങളിലെ കാട്ടാനശല്യത്തിന് പരിഹാരം വേണം. കുടിവെള്ളപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കണം. വ്യവസായമേഖലയിലെ റോഡുകളുടെ അവസ്ഥ വളരെ മോശമാണ്. മലിനീകരണനിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം