പാലക്കാട്: യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് ഇക്കുറി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ സീറ്റില്ല. യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മാണിവിഭാഗം മത്സരിച്ചിരുന്നു.

എളമ്പുലാശ്ശേരി (ശ്രീകൃഷ്ണപുരം), താവളം (അട്ടപ്പാടി), മൂലങ്കോട് (ആലത്തൂര്‍) എന്നീ ഡിവിഷനുകളിലാണ് കഴിഞ്ഞ തവണ കേരളകോണ്‍ഗ്രസ് (എം) മത്സരിച്ചത്. മൂന്ന് സീറ്റുകളിലും വിജയിക്കാനായില്ലെങ്കിലും ഈ സീറ്റുകള്‍ ഇക്കുറിയും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിറ്റിങ് സീറ്റുകളായതിനാല്‍ നല്‍കാനാവില്ലെന്ന് സി.പി.എം., സി.പി.ഐ. പാര്‍ട്ടികളും നിലപാടെടുത്തു. മറ്റ് സീറ്റുകള്‍ ചോദിച്ചെങ്കിലും ലഭിക്കാതായതതോടെയാണ് ബ്ലോക്കിലേക്കുള്ള വഴിയടഞ്ഞത്.

മറ്റ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള മൊത്തം സീറ്റുകളുടെ എണ്ണത്തിലും ഇക്കുറി കുറവുണ്ട്. കഴിഞ്ഞതവണ 23 പഞ്ചായത്തുകളിലായി 29 സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നുവെന്ന് കേരളകോണ്‍ഗ്രസ് എം (ജോസ് വിഭാഗം) ജില്ലാ പ്രസിഡന്റ് കെ. കുശലകുമാര്‍ പറഞ്ഞു. ജോസഫ് പക്ഷത്തെക്കൂടാതെയാണ് ഇത്രയും സീറ്റുകള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇത്തവണ ഏഴ് പഞ്ചായത്തുകളിലായി ഏഴ് സീറ്റുകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കിഴക്കഞ്ചേരി, വണ്ടാഴി, തേങ്കുറിശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കരിമ്പുഴ എന്നീ പഞ്ചായത്തുകളിലാണിത്. കഴിഞ്ഞതവണ മണ്ണാര്‍ക്കാട്, ചിറ്റൂര്‍-തത്തമംഗലം, ഒറ്റപ്പാലം എന്നീ നഗരസഭകളിലായി മൂന്ന് സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി അത് ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലുള്ള ഒരു സീറ്റിലേക്ക് ചുരുങ്ങി. ജില്ലാ പഞ്ചായത്തിലേക്ക് കഴിഞ്ഞതവണത്തേതിന് സമാനമായി ഇക്കുറിയും ഒരുസീറ്റാണ് ലഭിച്ചത്.

പാര്‍ട്ടിക്ക് സ്വാധീനമുള്ള തെങ്കര, അഗളി, വടക്കഞ്ചേരി, നെന്മാറ, മലമ്പുഴ, കരിമ്പ, തൃക്കടീരി പോലുള്ള പഞ്ചായത്തുകളില്‍ സീറ്റ് അനുവദിക്കാത്തതും മൊത്തംസീറ്റുകളില്‍ കുറവ് വന്നതും പ്രാദേശികമായി പരാതികള്‍ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യം ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലും നേതാക്കള്‍ അറിയിച്ചതായാണ് സൂചന.

content highlights: Kerala Congress jose k mani faction has no seat in the block panchayat