kpccചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് നിലവിലെ ചെയര്‍മാന്‍കൂടിയായ കെ. മധുവിന്റെ പേര് ഒഴിവാക്കിയതില്‍ സംസ്ഥാനതല ഇടപെടല്‍ ഉണ്ടായേക്കുമെന്ന് സൂചന. പ്രാദേശികതലത്തില്‍ തുടര്‍ച്ചയായി വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ഒഴിവാക്കുന്നത് പാര്‍ട്ടിക്ക് ദേഷം ചെയ്യുമെന്ന് കാണിച്ച് പ്രാദേശികനേതൃത്വം കെ.പി.സി.സിയെ സമീപിച്ചതായാണ് വിവരം.

നഗരസഭയിലേക്ക് 26 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക തിങ്കളാഴ്ചയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചത്. നഗരസഭാ തിരഞ്ഞെടുപ്പ് ഉപസമിതിയും ചിറ്റൂര്‍ ബ്ലോക്ക് തിരഞ്ഞെടുപ്പ് ഉപസമിതിയും നല്‍കിയ പട്ടികയാണ് ജില്ലാനേതൃത്വം അംഗീകരിച്ചത്. രണ്ട് സമിതികളും കെ. മധുവിന്റെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാല് തവണ മത്സരിച്ച് വിജയിച്ചവര്‍ വീണ്ടും സ്ഥാനാര്‍ഥിയാകേണ്ടെന്ന തീരുമാനം കണക്കിലെടുത്ത് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

പഞ്ചായത്തുകളിലും പ്രാദേശികമായി സ്വാധീനമുള്ള മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. തുടര്‍ച്ചയായി വിജയിക്കുന്ന മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും പരിചയസമ്പന്നരില്ലാത്തത് പുതിയ സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസം കുറയ്ക്കുമെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞതായാണ് വിവരം.

content highlights: K. Madhus candidature, KPCC May interfere