പാലക്കാട്: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി നിലനിന്ന പ്രതിസന്ധി അവസാനിച്ചു. കാലാവധി അവസാനിച്ച നരസഭാ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ എം.എല്‍.എ. കെ. അച്യുതന്റെ സഹോദരനുമായ കെ. മധു 28-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കും.
തിങ്കളാഴ്ച പാലക്കാട് ഡി.സി.സി. ഓഫീസില്‍ മുതിര്‍ന്നനേതാവ് കെ. ഗോപാലസ്വാമിക്കൊപ്പമെത്തിയ കെ. മധു ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെ കണ്ട് ചര്‍ച്ചനടത്തി. ചിഹ്നം അനുവദിക്കണമെന്ന അഭ്യര്‍ഥനയും കൈമാറി. തുടര്‍ന്ന്, സ്ഥാനാര്‍ഥിനിര്‍ണയ സബ് കമ്മിറ്റിയുമായി ഡി.സി.സി. പ്രസിഡന്റ് ഫോണില്‍ ചര്‍ച്ചനടത്തിയശേഷമായിരുന്നു തീരുമാനം.
കെ.പി.സി സി. മാനദണ്ഡമനുസരിച്ചാണ് നാലുതവണ തിരഞ്ഞെടുക്കപ്പെട്ട മധുവിന് സ്ഥാനാര്‍ഥിത്വം നല്‍കാതിരുന്നത്. എന്നാല്‍, നഗരസഭയില്‍ മൂന്നുതവണയും ഗ്രാമപ്പഞ്ചായത്തിലേക്ക് ഒരു തവണയുമാണ് ജയിച്ചതെന്ന് മധു വ്യക്തമാക്കി. മധുവിന് ചിഹ്നം അനുവദിക്കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പരിഗണന ലഭിച്ചില്ലെന്ന് പരാതിയുണ്ടെന്നും ഇതുപരിഹരിച്ചാല്‍ മധുവിന്റെപ്രശ്‌നം പരിഗണിക്കാമെന്നുമായിരുന്നു ഞായറാഴ്ചരാത്രിയിലെ ഡി.സി.സി. നിലപാട്. എന്നാല്‍, പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെല്ലാം പ്രചാരണം തുടങ്ങിയനിലയ്ക്ക് പുതിയനിര്‍ദേശം, പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന് കെ. മധു ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കി. ചിറ്റൂരില്‍ കഴിഞ്ഞതവണത്തേതിലും മികച്ചവിജയം യു.ഡി.എഫ്. നേടുമെന്ന് മധു നേതൃത്വത്തിന് ഉറപ്പുനല്‍കി.
ഇതേത്തുടര്‍ന്ന് ഇരു ഭാഗത്തുനിന്നും സ്വതന്ത്രരായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരെല്ലാം പിന്‍വലിച്ചതായി നേതൃത്വം അറിയിച്ചു.