പുതുക്കോട്: പുതുക്കോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി നാല് ദമ്പതിമാര്‍ മത്സരരംഗത്ത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗമായ ഗോപി 11-ാം വാര്‍ഡായ കീഴയില്‍ മത്സരിക്കുമ്പോള്‍, ഭാര്യ ബീന ഗോപി ഏഴാംവാര്‍ഡ് തച്ചനടിയിലാണ് അങ്കത്തിനിറങ്ങുന്നത്. ബി.ജെ.പി. പുതുക്കോട് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രതീഷ് എട്ടാംവാര്‍ഡ് അഞ്ചുമുറിയിലും ഭാര്യ അനിഷ മൂന്നാംവാര്‍ഡ് പാട്ടോലയിലും മത്സരിക്കുന്നു.

ഒ.ബി.സി. മോര്‍ച്ച മണ്ഡലം സെക്രട്ടറി രതീഷ് 12-ാം വാര്‍ഡായ വാളന്‍കോടും ഭാര്യ ദനിത 13-ാം വാര്‍ഡ് കൊട്ടാരശ്ശേരിയിലുമാണ് മത്സരിക്കുന്നത്. യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജീഷ് 10-ാം വാര്‍ഡ് അപ്പക്കാടിലും ഭാര്യ ഗോപിക 14-ാം വാര്‍ഡ് തെക്കേപ്പൊറ്റയിലുമാണ് അങ്കത്തിനൊരുങ്ങുന്നത്.

വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയ്ക്ക് ഒറ്റയ്ക്കും കൂട്ടായുമാണ് ചെല്ലുന്നത്. കൂടാതെ മറ്റ് വാര്‍ഡുകളിലെ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാനും സമയം കണ്ടെത്തുന്നുണ്ട്. ഗോപിയും ഭാര്യ ബീന ഗോപിയും നേരത്തെ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ മറ്റ് മൂന്ന് ദമ്പതിമാര്‍ പുതുമുഖങ്ങളാണ്.