electionആലത്തൂര്‍: അച്ഛന്‍ പതിനഞ്ചാംവാര്‍ഡിലും മകള്‍ പത്താംവാര്‍ഡിലും ആലത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍. എസ്.എ. കബീറും മകള്‍ ജുമാനാ അസീമുമാണ് സ്ഥാനാര്‍ഥികള്‍. ആലത്തൂര്‍ പഞ്ചായത്തില്‍ ആദ്യകാല അംഗമായിരുന്ന എന്‍. സെയ്ദുമുഹമ്മദിന്റെ മകനാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറികൂടിയായ എസ്.എ. കബീര്‍. നാലുതവണ മത്സരിച്ചപ്പോള്‍ രണ്ടുതവണ ജയിച്ചു.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടി ഇറങ്ങിയ ജുമാന അസീം കെ.എസ്.യു. പ്രവര്‍ത്തകയാണ്. ചാലക്കുടി പനമ്പിള്ളി സ്മാരക ഗവ. കോളേജില്‍നിന്ന് ബിരുദമെടുത്തു. അവിടെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായിരുന്നു.

കേന്ദ്ര സര്‍വകലാശാലയില്‍ എന്‍.എസ്.യു. യൂണിറ്റ് വൈസ് പ്രസിഡന്റായിരിക്കെ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധിയായി മത്സരിച്ചുജയിച്ച് എക്സിക്യുട്ടീവ് അംഗമായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് എം.പി.യുടെ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇഗ്നോയില്‍ ഗാന്ധിയന്‍ പീസ് സ്റ്റഡീസ് പി.ജി. ഡിപ്ലോമ വിദ്യാര്‍ഥിയാണിപ്പോള്‍.

ജനശ്രീമിഷന്റെ വിഭാഗമായ യുവശ്രീ പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റായിരുന്നു. കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാധ്യമസഹായിയായി. രാഷ്ട്രീയ കുടുംബമെന്ന പശ്ചാത്തലമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ജുമാന പറഞ്ഞു.

content highlights: father and daughter are candidates in alathur grama panchayat