കൊപ്പം: മേഖലയിലെ അങ്കണവാടി ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ദൂരസ്ഥലങ്ങളിലാണെന്ന് ആരോപണം. കൊപ്പത്തുനിന്ന് 60 കിലോമിറ്റര്‍ അകലെയുള്ള സ്ഥലങ്ങളിലാണ് ഭൂരിഭാഗം ജീവനക്കാര്‍ക്കും ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. ഈ കോവിഡ് കാലത്ത് നാമമാത്രമായ പൊതുഗതാഗതത്തിലൂടെ ഇവിടങ്ങളില്‍ എങ്ങനെ എത്തിപ്പെടുമെന്ന ആശങ്കയിലാണ് സ്ത്രീ ജീവനക്കാര്‍.

കഴിഞ്ഞ ദിവസങ്ങളിലാണ് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഓര്‍ഡറുകള്‍ ലഭിച്ചത്. ജില്ലയുടെ കിഴക്കന്‍ അറ്റത്ത് കിടക്കുന്ന പിരായിരി, മണ്ണൂര്‍, കോങ്ങാട്, കേരളശ്ശേരി, മുണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് കൊപ്പത്തെ പലര്‍ക്കും ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്

സ്ത്രീകളായ ജീവനക്കാര്‍ക്ക് വീട്ടില്‍നിന്ന് കൂട്ടിന് ഒരാളെക്കൂടി കൊണ്ടുപോകേണ്ട അവസ്ഥയാണ്. കൊപ്പത്ത് മാത്രം 68പേര്‍ക്ക് 60 കിലോമീറ്റര്‍ ദൂരത്താണ് ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. പോളിങ് അസിസ്റ്റന്റുമാരായാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. വലിയതുക നല്‍കി സ്വകാര്യവാഹനങ്ങള്‍ വിളിച്ചുവേണം പലര്‍ക്കും ദൂരസ്ഥലങ്ങളില്‍ എത്തിപ്പെടാന്‍.

സാധാരണഗതിയില്‍ തദ്ദേശതിരഞ്ഞെടുപ്പുകളില്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ത്തന്നെ ജീവനക്കാര്‍ക്ക് ഡ്യൂട്ടി നല്‍കാറാണ് പതിവ്. എന്നാല്‍, ഇതിന് വിരുദ്ധമായാണ് ദൂരസ്ഥലങ്ങളില്‍ ഡ്യൂട്ടി ലഭിച്ചിരിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

പലരും ബന്ധപ്പെട്ട അധികൃതരോട് ഇക്കാര്യം അറിയിച്ചെങ്കിലും ആര്‍ക്കും മറുപടി പറയാനില്ല. അതേസമയം, ഇത്തരത്തിലുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ലയിലെ തിരഞ്ഞെടുപ്പുപരിശീലന നോഡല്‍ ഓഫീസര്‍ ഷാനവാസ്ഖാന്‍ പറഞ്ഞു.