പാലക്കാട്: നഗരഹൃദത്തിലെ പാലക്കാട് നഗരസഭാ കാര്യാലയത്തിൽ വോട്ടെണ്ണലിന്റെ ആവേശപ്പൂരമായിരുന്നു ബുധനാഴ്ച. ജില്ലയിലെ മൊത്തം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ഒരു പരിച്ഛേദം. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീർന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൂന്നുമുന്നണികളുടെയും ഏജന്റുമാരെയും സ്ഥാനാർഥികളെയും മാത്രമാണ് ഹാളിലേക്ക് കടത്തിവിട്ടത്. പാലക്കാട് നഗരസഭയിൽ നടന്ന വോട്ടെടുപ്പ് കാഴ്ചയിലൂടെ...

രാവിലെ 7.45, ആവേശത്തുടക്കം

:പാലക്കാട് നഗരസഭാ കാര്യാലയത്തിനുമുന്നിൽ രാഷ്ട്രീയകക്ഷികളുടെ അനുയായികൾ തടിച്ചുകൂടിത്തുടങ്ങി. അകത്ത് സ്ഥാനാർഥികളും വോട്ടെണ്ണലിനായി കാത്തുനിൽക്കുന്നു. സുരക്ഷയൊരുക്കി പോലീസും സ്ഥലത്തുണ്ട്. സമയമാകാറായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പാസുകൾ പരിശോധിച്ച് കൗണ്ടിങ് ഏജന്റുമാരെയും മറ്റും ഓരോരുത്തരെയായി ഹാളുകളിലേക്ക് കടത്തിവിട്ടുതുടങ്ങി.

9.00, ആദ്യം കല്ലുകടി

:പോസ്റ്റൽ, സ്പെഷ്യൽ ബാലറ്റ് വോട്ടുകൾ എണ്ണിത്തുടങ്ങി. ശേഷം ഒന്നാംവാർഡിന്റെ വോട്ടിങ് മെഷീൻ എണ്ണാനെടുത്തെങ്കിലും സാങ്കേതിക യന്ത്രത്തകരാർമൂലം നടന്നില്ല. കുറച്ചുനേരം അനിശ്ചിതത്വമുണ്ടായതോടെ സ്ഥാനാർഥികളും ഏജന്റുമാരും അക്ഷമരായി. പക്ഷേ, മറ്റുവാർഡുകൾ എണ്ണിത്തുടങ്ങി. ഇതിനിടെ, ടെക്‌നീഷ്യനെയെത്തിച്ച് പ്രശ്നം പരിഹരിച്ചശേഷമാണ് ഒന്നാംവാർഡും എണ്ണിയത്.

9.00, ആദ്യഫലങ്ങൾ

:ആദ്യഫലങ്ങൾ വന്നുതുടങ്ങി. വിജയിച്ച സ്ഥാനാർഥികൾ ആഹ്ളാദത്തിന്റെ തിരത്തള്ളിച്ചയുമായി പുറത്തേക്ക്. കാത്തുനിൽക്കുന്ന പ്രവർത്തകരെയും വീട്ടുകാരെയും ഫോണുകളിലൂടെയടക്കം വിവരമറിയിച്ചു. അനുയായികളുടെ മുദ്രാവാക്യം വിളികൾ. പതാകകൾ പാറിപ്പറന്നു. വോട്ടെണ്ണൽ സജീവമായതോടെ കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. ഇതോടെ, ഹാളിൽ തിരക്കും കൂടി.

10.00, പ്രവർത്തകരെത്തുന്നു

:നഗരസഭാ കാര്യാലയത്തിനുപുറത്ത് പ്രവർത്തകർ നിറഞ്ഞുതുടങ്ങി. കോട്ടമൈതാനത്തും അഞ്ചുവിളക്കിനുസമീപവും പാർട്ടിക്കൊടികളുമായി പ്രവർത്തകർ തിങ്ങിക്കൂടി. ഇവരെ നിയന്ത്രിക്കാൻ പോലീസും കഷ്ടപ്പെട്ടു. ഈസമയം പത്തിലധികം വാർഡുകളിൽ ബി.ജെ.പി. മുന്നിലെത്തിയിരുന്നു.

11.00, ബി.ജെ.പി. മുന്നേറ്റം

:നഗരസഭയിലെ ഭൂരിഭാഗം വാർഡുകളിലും ബി.ജെ.പി. മുന്നേറുന്നു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ പലതും ബി.ജെ.പി. പിടിച്ചെടുത്തു. ഇതിനിടെ, കോൺഗ്രസ് വിമതനായി മത്സരിച്ച ഭവദാസും വിജയിച്ചു. ഭവദാസ് മത്സരിച്ച വാർഡിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ അനുയായികളുടെ ആഹ്ളാദപ്രകടനം. ബി.ജെ.പി. പ്രസിഡന്റുകൂടിയായ ഇ. കൃഷ്ണദാസ് ഹാളിനകത്തെത്തി. വിജയിച്ചെന്ന് അറിഞ്ഞതോടെ സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ അടുത്തെത്തി അഭിനന്ദിച്ചു.

കഴിഞ്ഞതവണ നഗരസഭാധ്യക്ഷയായിരുന്ന പ്രമീള ശശിധരനും ജയിച്ചു. മുൻ നഗരസഭാ വൈസ് ചെയർമാൻകൂടിയായ സി. കൃഷ്ണകുമാറും സ്ഥാനാർഥിയായ ഭാര്യ മിനി കൃഷ്ണകുമാറും പിന്നീട് സ്ഥലത്തെത്തി. മിനിയുടെ വിജയവും പ്രഖ്യാപിച്ചതോടെ ഹാളിനകത്തും പുറത്തും ബി.ജെ.പി. പ്രവർത്തകരുടെ ആഘോഷം.

12.00, എതിർപാളയത്തിൽ നിരാശ

:ഉറച്ച വാർഡുകൾ എണ്ണുന്നതിനുമുമ്പ് തന്നെ പത്തോളം സീറ്റുകളിൽ ലീഡ്നില ഉറപ്പിച്ചു. പുറത്ത് പ്രതീക്ഷയോടെ നിലയുറപ്പിച്ചിരുന്ന യു.ഡി.എഫ്., എൽ.ഡി.എഫ്. പ്രവർത്തകരിൽ പലരും സ്ഥലംവിട്ടുതുടങ്ങി.

ഇതിനിടെ, 25-ാം വാർഡിലെ വോട്ടെണ്ണൽ തടസ്സപ്പെട്ടു. വോട്ടിങ് മെഷീനിലെ സീരിയൽനമ്പർ മാറിയെന്ന സംശയത്തെത്തുടർന്നാണ് ബി.ജെ.പി. പ്രവർത്തകരിടപെട്ട് വോട്ടെണ്ണൽ നിർത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥർ സംശയങ്ങൾ മാറ്റിയതോടെ വീണ്ടും വോട്ടെണ്ണൽ ആരംഭിച്ചു.

12.30, അധികാരമുറപ്പിച്ചു

:മുഴുവൻ വാർഡുകളിലും വോട്ടെണ്ണൽ പൂർത്തിയായതോടെ 28 സീറ്റുകൾ ബി.ജെ.പി. സ്വന്തമാക്കി. യു.ഡി.എഫിന് പതിനാലും എൽ.ഡി.എഫിന് ഏഴും സീറ്റുകൾ ലഭിച്ചു. മൂന്നുസീറ്റുകളുമായി സ്വതന്ത്രരുമുണ്ടായിരുന്നു. പുറത്ത് ബി.ജെ.പി. നേതാക്കളുടെയും പ്രവർത്തകരുടെയും മുദ്രാവാക്യങ്ങളും ആർപ്പുവിളികളും.