electionമുണ്ടൂര്‍: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് സീറ്റുചര്‍ച്ച പുരോഗമിക്കുന്നതിനിടെ മുണ്ടൂരിലെ എല്‍.ഡി.എഫില്‍ അസ്വാരസ്യം. സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടു. അതോടെ പഞ്ചായത്തിലെ 14-ാം വാര്‍ഡായ പുനത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിക്കുപുറമേ സി.പി.എം. പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയും പത്രിക നല്‍കി.

മുമ്പ് നടന്ന എല്‍.ഡി.എഫ്. സീറ്റുചര്‍ച്ചകളില്‍ പുനത്തില്‍ സി.പി.ഐ.ക്ക് നല്‍കാനായിരുന്നു ധാരണ. പിന്നീട് സീറ്റ് മാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് സി.പി.ഐ. ആണ് തുടക്കമിട്ടതെന്ന് അറിയുന്നു. തുടര്‍ചര്‍ച്ചകളില്‍ ധാരണയുണ്ടാവാത്തതിനെത്തുടര്‍ന്ന് സി.പി.എം. സ്വതന്ത്രയും സി.പി.ഐ.യും പത്രിക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

വനിതാസംവരണ വാര്‍ഡായ പുനത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത് റാഫിയയാണ്. സുജാതയാണ് സി.പി.എം. പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി. പത്രികസമര്‍പ്പണത്തിന് മുമ്പുതന്നെ സി.പി.എം. സ്ഥാനാര്‍ഥിയെന്ന നിലയില്‍ സുജാതയ്ക്കുവേണ്ടി സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചാരണം നടത്തിയിരുന്നു. ഇതോടെ സി.പി.ഐ. സ്ഥാനാര്‍ഥി റാഫിയയും പ്രചാരണം തുടങ്ങി. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തിനുശേഷം സി.പി.എം. പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുകയോ സ്ഥാനാര്‍ഥിക്ക് സി.പി.എം. പിന്തുണ പിന്‍വലിക്കുകയോ ചെയ്യാത്തപക്ഷം മേല്‍ക്കമ്മിറ്റികളെ സമീപിക്കാനാണ് തീരുമാനമെന്ന് സി.പി.ഐ. മുണ്ടൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ പറഞ്ഞു. പൂതനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തി പിന്തുണയ്ക്കാനുള്ള നീക്കങ്ങള്‍ സി.പി.ഐ. നടത്തുന്നതായും അറിയുന്നുണ്ട്. പുനത്തില്‍ ബി.ജെ.പി.യുടെ വിദ്യ സുനില്‍കുമാറും മത്സരരംഗത്തുണ്ട്.

content highlights: Dispute in Mundur LDF