അയിലൂര്‍: ബ്രാഞ്ച് കമ്മിറ്റികളുടെ ശുപാര്‍ശ മേല്‍ക്കമ്മിറ്റികള്‍ വെട്ടി പുതിയ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് അയിലൂര്‍ പഞ്ചായത്ത് രണ്ടുവാര്‍ഡുകളില്‍ സി.പി.എം. വിമതര്‍ മത്സരരംഗത്ത്.

ഒന്നാംവാര്‍ഡ് പാലമൊക്കിലും എട്ടാംവാര്‍ഡ് തിരുവഴിയാട്ടുമാണ് സി.പി.എം വിമത സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ. കണ്ണനുണ്ണിക്കെതിരേ പാര്‍ട്ടി അംഗവും 10 വര്‍ഷത്തോളം ബ്രാഞ്ച് സെക്രട്ടറിയും അയിലൂര്‍ ഗ്രാമീണ്‍ ബാങ്കിന്റെ മുന്‍പ്രസിഡന്റുമായ ടി.എം. ഇല്യാസും എട്ടാം വാര്‍ഡില്‍ വിഘ്‌നേഷിനെതിരെ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയും ബ്ലോക്ക്പഞ്ചായത്ത് എസ്.സി. പ്രമോട്ടറുമായ കെ. വിനീഷും മത്സരരംഗത്തുള്ളത്.

ബ്രാഞ്ച് കമ്മിറ്റികളോടുപോലും ആലോചിക്കാതെയാണ് മേല്‍ക്കമ്മിറ്റി ഒന്നാംവാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്നും ബ്രാഞ്ച് കമ്മിറ്റിയുടെ ശുപാര്‍ശ വെട്ടിയതിലും പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നാണ് ടി.എം. ഇല്യാസ് പറയുന്നത്. 20 വര്‍ഷം കോണ്‍ഗ്രസ് വാര്‍ഡായിരുന്ന ഒന്നാം വാര്‍ഡ് കഴിഞ്ഞതവണയാണ് സി.പി.എമ്മിന് പിടിച്ചെടുക്കാനായത്. എട്ടാം വാര്‍ഡില്‍ സജീവമായി പരിഗണിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംവരണമാകുകയും ചെയ്തതോടെ മുമ്പ് ബി.ജെ.പി.യില്‍ പ്രവര്‍ത്തിച്ചിരുന്നയാളെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് വിനീഷും പറയുന്നു. ഇല്യാസിന് മൊബൈലും വിനീഷിന് തീപ്പന്തവുമാണ് ചിഹ്നമായി അനുവദിച്ചിട്ടുള്ളത്. ഇവര്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്ന് ലോക്കല്‍ സെക്രട്ടറി പറഞ്ഞു.

content highlights: CPM rebel candidates in Ayiloor