പത്തിരിപ്പാല: സി.പി.എമ്മും സി.പി.െഎ.യും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ണൂരില്‍ പോര് മുറുകി. തിങ്കളാഴ്ച മണ്ണൂരില്‍ വിളിച്ചുചേര്‍ത്ത പൗരപ്രമുഖരുടെ യോഗത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനെത്തി. മണ്ണൂരില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരുന്നു സി.പി.എം. വിളിച്ചുചേര്‍ത്ത പൗരപ്രമുഖരുടെ യോഗം. യു.ഡി.എഫിന് അധികാരത്തിലെത്താനുള്ള വഴിയൊരുക്കുകയാണ് സി.പി.ഐ. എന്ന് എ.കെ. ബാലന്‍ തുറന്നടിച്ചു മണ്ണൂരില്‍ ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ വികസനമുരടിപ്പുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജെ.എന്‍. നജീബ് അധ്യക്ഷനായി.

സി.െഎ.ടി.യു. ജില്ലാ സെക്രട്ടറി എം. ഹംസ, കെ. മധുസൂദനനുണ്ണി, ഒ.വി. സ്വാമിനാഥന്‍, അബ്ദുള്‍ മുത്തലിഫ്, ടി.ആര്‍. ശശി, കെ. സെയ്തലവി എന്നിവര്‍ സംസാരിച്ചു.

സി.പി.ഐ. പ്രകടനപത്രിക മണ്ണൂരില്‍ പ്രകാശനംചെയ്യുന്നതിന് പ്രത്യേകയോഗവും സി.പി.െഎ. നടത്തി. മണ്ണൂര്‍ പഞ്ചായത്തില്‍ സി.പി.ഐ. മത്സരിക്കുന്നത് പഞ്ചായത്തുഭരണം പിടിക്കാനാണെന്ന് സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി ഇതിന് മറുപടിയെന്നോണം വ്യക്തമാക്കി. കഴിഞ്ഞതവണ ഉറച്ച വാര്‍ഡുകളില്‍ തോല്‍വിയുണ്ടായതിന്റെ കാരണം യു.ഡി.എഫിനെ സഹായിച്ചതാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. കൃഷ്ണന്‍കുട്ടി സി.പി.ഐ. പ്രകടനപത്രിക പ്രകാശനംചെയ്തു. പി.കെ. യൂസഫ് ഏറ്റുവാങ്ങി. കെ.വി. രവീന്ദ്രന്‍ (ബാബു) അധ്യക്ഷനായി. കെ. വേലു, മുരളി കെ. താരേക്കാട്, എന്‍. ശങ്കരനാരായണന്‍ (തങ്കപ്പന്‍), എം. ജയകൃഷ്ണന്‍, ബാബു എന്നിവര്‍ സംസാരിച്ചു.

മണ്ണൂര്‍ പഞ്ചായത്തില്‍ സി.പി.എം. 13 സീറ്റിലും ഒരു സീറ്റില്‍ എന്‍.സി.പി.യുമായാണ് ഇടതുമുന്നണിയില്‍ മത്സരിക്കുന്നത്. ഇടതുമുന്നണി ഘടകകക്ഷിയായ സി.പി.െഎ. 12 സീറ്റില്‍ സ്വന്തം ചിഹ്നത്തിലും ഒരിടത്ത് സി.പി.െഎ. സ്വതന്ത്രയും മത്സരിക്കുന്നു. യു.ഡി.എഫില്‍ സ്വതന്ത്രന്മാരുള്‍പ്പെടെ മത്സരരംഗത്തുണ്ട്. മണ്ണൂരിലെ ഭിന്നതയുടെ പ്രതിഫലനം മങ്കരയിലും കേരളശ്ശേരി, ഷൊര്‍ണൂര്‍, ലക്കിടി പഞ്ചായത്തുകളിലും ബാധിക്കുമെന്നാണ് സൂചന. ജില്ലയില്‍ സി.പി.എമ്മുമായി ഭിന്നതയെ തുടര്‍ന്ന് 50-ഓളം സീറ്റുകളില്‍ സി.പി.െഎ. തനിച്ച് മത്സരിക്കുന്നുണ്ട്.