electionപാലക്കാട്: മണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെടെ നാല്പതോളം തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ സി.പി.ഐ. തനിച്ചുമത്സരിക്കും. പ്രാദേശിക സി.പി.എം. നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് സി.പി.ഐ. തനിച്ചുമത്സരിക്കാനുള്ള കാരണം. അഭിപ്രായഭിന്നതയെത്തുടര്‍ന്ന് മങ്കര പഞ്ചായത്ത് എല്‍.ഡി.എഫ്. ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത ചെയര്‍മാന്‍ സ്ഥാനത്തുള്ള സി.പി.ഐ. പ്രവര്‍ത്തകന്‍ പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.

വേറിട്ടുമത്സരിക്കുന്ന എല്ലായിടത്തും സി.പി.ഐ. സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുക.

മണ്ണൂര്‍ പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ.യും 12 വാര്‍ഡുകളില്‍ പരസ്പരം മത്സരിക്കും. ഇവിടെ ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. മങ്കര പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സി.പി.ഐ. പ്രവര്‍ത്തക എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഇവിടെ മറ്റൊരു വനിതയെ സി.പി.എം. പ്രവര്‍ത്തകര്‍ സ്വതന്ത്രയായി രംഗത്തിറക്കിയതായി സി.പി.ഐ. ആരോപിക്കുന്നു.

ഇതേത്തുടര്‍ന്ന് ഇരുപക്ഷത്തെയും നേതാക്കള്‍ ചര്‍ച്ചനടത്തിയിട്ടും ഫലം കണ്ടില്ല.

കേരളശ്ശേരിയിലെ ഏഴാംവാര്‍ഡിലും സി.പി.ഐ. സ്ഥാനാര്‍ഥി രംഗത്തുണ്ട്. വല്ലപ്പുഴയില്‍ ആറ് വാര്‍ഡുകളിലും നെല്ലായയില്‍ എട്ട് വാര്‍ഡുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലെ ആറ് വാര്‍ഡുകളിലും കോട്ടോപാടത്ത് മൂന്നുവാര്‍ഡുകളിലും സി.പി.ഐ. സ്ഥാനാര്‍ത്ഥികളുണ്ട്.

കുമരംപുത്തൂരില്‍ കഴിഞ്ഞതവണ മത്സരിച്ച ആറ് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുണ്ടെന്ന് നേതൃത്വം പറഞ്ഞു. നല്ലേപ്പിള്ളി, എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തുകളിലും ഓരോ സീറ്റില്‍ എല്‍.ഡി.എഫ്. മുന്നണിയിലല്ലാതെ സി.പി.ഐ. സ്ഥാനാര്‍ഥികളുണ്ട്.

content highlights: CPI contest alone in 40 seats