പാലക്കാട്: ജില്ലയിലെ കോവിഡ് രോഗികളായ വോട്ടര്‍മാര്‍ക്ക് തപാല്‍വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ഇവരുടെ വിശദാംശങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 9 വൈകീട്ട് 3വരെ ശേഖരിക്കുമെന്ന് കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സഹായത്തോടെ ആയിരിക്കും വിശദാംശങ്ങള്‍ ശേഖരിക്കുക.

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനായി പ്രത്യേക സൗകര്യമൊരുക്കും. ഇവരെ സ്‌പെഷ്യല്‍ വോട്ടേഴ്‌സായി പരിഗണിച്ചാണ് വോട്ടിങ് സൗകര്യമൊരുക്കുക. ഇവര്‍ക്കായി സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍

(എസ്.പി.ബി.) തയ്യാറാക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുക.

ഡിസംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒമ്പതുവരെയുള്ള ദിവസങ്ങളില്‍ രോഗികളോ ക്വാറന്റൈനില്‍ ഇരിക്കുന്നവരോ നെഗറ്റീവായാലും നേരിട്ടുള്ള വോട്ടിങ് അനുവദിക്കില്ല. ഇവര്‍ പോസ്റ്റല്‍ വോട്ട് ചെയ്യണം. ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ വിശദാംശങ്ങള്‍ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ വെബ്‌സൈറ്റില്‍ ലഭിക്കും. എന്നാല്‍, രോഗികളുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല. ജില്ലയില്‍ ഡിസംബര്‍ പത്തിന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഡിസംബര്‍ ഒന്നുമുതലാണ് വിശദാംശങ്ങള്‍ ശേഖരിക്കുക. എന്നാല്‍, ജില്ലയില്‍ താമസിക്കുന്ന തിരുവനന്തപുരം-കൊല്ലം-പത്തനംതിട്ട-ആലപ്പുഴ- ഇടുക്കി എന്നീ ജില്ലക്കാര്‍ ഉണ്ടെങ്കില്‍ ഇവരുടെ വിശദാംശങ്ങള്‍ നവംബര്‍ 29-ന് തയ്യാറാക്കാം. ഇത് ഡിസംബര്‍ ഏഴുവരെ പുതുക്കാം