congressപാലക്കാട്: പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഡി.സി.സി. ജനറല്‍സെക്രട്ടറി കെ. ഭവദാസ് (പാലക്കാട്), കെ.പി.സി.സി. അംഗം ടി.പി. ഷാജി (പട്ടാമ്പി) എന്നിവരുള്‍പ്പെടെ 13 പേരെ കെ.പി.സി.സി. നിര്‍ദേശപ്രകാരം ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എം.പി. അറിയിച്ചു.

ഇവരെക്കൂടാതെ തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍പ്രസിഡന്റുമാരായ കുരിക്കള്‍ സെയ്ത്, വട്ടോടി വേണുഗോപാല്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂതാനി നസീര്‍ബാബു (അലനല്ലൂര്‍), മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്തലവി (ഷൊര്‍ണൂര്‍), കെ.ടി. റുഖിയ (പട്ടാമ്പി), പട്ടാമ്പി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമ്മര്‍ കീഴായൂര്‍, ഐ.എന്‍.ടി.യു.സി മലമ്പുഴ നിയോജകമണ്ഡലം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് എം.ആര്‍. അനില്‍ കുമാര്‍ (മുണ്ടൂര്‍), തരൂര്‍ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് എം.ആര്‍. വത്സകുമാരി, മുന്‍മെമ്പര്‍മാരായ റംലത്ത്, എ.ആര്‍. റജി, എ. സുദേവന്‍ എന്നിവരാണ് മറ്റുള്ളവര്‍.

അതേസമയം, താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നും ഡി.സി.സി. സെക്രട്ടറിയും നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്ന കെ. ഭവദാസ് പറഞ്ഞു. വാര്‍ഡിലെ പ്രവര്‍ത്തകരുടെ നിര്‍ബന്ധംമൂലമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടേത് സ്വാഭാവിക നടപടിയാണെന്ന് ടി.പി. ഷാജി പറഞ്ഞു. അവസാനനിമിഷംവരെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. പാര്‍ട്ടി മാനദണ്ഡങ്ങളൊന്നും ഇതിന് തടസ്സമായിരുന്നില്ല. ചിലരുടെ പ്രതികാര നടപടിയാണ് സീറ്റുനിഷേധത്തിന് കാരണം. സാങ്കേതികമായി പുറത്താക്കല്‍നടപടി വന്നാലും കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: congress expels 13 rebel candidates for six years