കാലാവധി അവസാനിച്ച ജില്ലാ പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായിരുന്നു കാഞ്ഞിരപ്പുഴ ഡിവിഷനില്‍നിന്നുള്ള സി. അച്യുതന്‍. പറളി ഡിവിഷനില്‍നിന്ന് വിജയിച്ച കെ. രാധിക എതിര്‍പക്ഷത്ത് പ്രായംകൊണ്ട് ഏറ്റവും ഇളയ അംഗം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് അച്യുതന്‍. കെ. രാധിക സി.പി.എം. അംഗവും. പഠനം കഴിഞ്ഞിറങ്ങിയ ഉടനെ സ്ഥാനാര്‍ഥിയായതാണ് രാധിക. അച്യുതന്‍ ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിനിടയിലും. ജില്ലാ പഞ്ചായത്തില്‍ ആദ്യമായി അംഗങ്ങളായ ഇരുവരും രാഷ്ട്രീയത്തിനപ്പുറം അഞ്ചുവര്‍ഷത്തെ അനുഭവങ്ങളെക്കുറിച്ച്, അത് ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് മനസ്സുതുറക്കുന്നു.

പാലക്കാട്: തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു സി. അച്യുതന്‍. കെ. രാധികയാവട്ടെ കുഞ്ഞുവാവയ്‌ക്കൊപ്പവും. ഇതിനിടെയാണ് ഇരുവരും കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെ അംഗങ്ങളെന്നനിലയ്ക്കുള്ള അനുഭവങ്ങള്‍ പറയാനെത്തിയത്. ജില്ലാ പഞ്ചായത്തിനുമുന്നില്‍ സീനിയറെ കണ്ടപ്പോള്‍ ജൂനിയര്‍ ആദരവോടെ പുഞ്ചിരിച്ചു. രാഷ്ട്രീയത്തിനപ്പുറം സൗഹൃദം നിറഞ്ഞ പുഞ്ചിരി.

സ്ഥാനാര്‍ഥിയായ വഴി

പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ടായെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്താണ് ആദ്യമായി താന്‍ ജനവിധി തേടിയതെന്ന് സി. അച്യുതന്‍ എന്ന അച്വേട്ടന്‍ പറയുന്നു. വലിയ ചര്‍ച്ചകളൊന്നുമില്ലാതെയാണ് കാഞ്ഞിരപ്പുഴ ഡിവിഷനില്‍നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയത്. ഡിവിഷനില്‍ നേരിട്ട് അറിയാവുന്ന ആളുകളായതിനാല്‍ പ്രചാരണം വലിയതലവേദനയായില്ല. മിക്ക ആളുകളുമായി നേരിട്ട് പരിചയമുണ്ടായിരുന്നതും ഗുണംചെയ്തു.

പാര്‍ട്ടികുടുംബാംഗമായിരുന്നു രാധിക. നിയമപഠനം പൂര്‍ത്തിയാക്കി പാലക്കാട് വക്കീലായി പരിശീലനംനേടുന്ന സമയം. പറളി ഡിവിഷനില്‍നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മുമ്പ് മത്സരിച്ച പരിചയമില്ല. ചെറിയ പരിഭ്രമമുണ്ടായിരുന്നു. പക്ഷെ വീട്ടുകാരുടെ പിന്തുണ ആത്മവിശ്വാസം തന്നു. യുവ സ്ഥാനാര്‍ഥിയെന്ന ഇമേജ് ഗുണം ചെയ്തു.

പ്രായം വെറുമൊരു നമ്പര്‍

മൂന്ന് യു.ഡി.എഫ്. അംഗങ്ങളേ കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെത്തിയുള്ളൂ. ആദ്യയോഗത്തിനെത്തിയപ്പോഴാണ് പ്രായംകൊണ്ട് മുതിര്‍ന്ന അംഗം താനാണെന്ന് അറിഞ്ഞതെന്ന് അച്യുതന്‍ ഓര്‍ക്കുന്നു. അന്ന് 67 വയസ്സായിരുന്നു. മുതിര്‍ന്നയാളായതിനാല്‍, ഏല്ലാവരുടേയും അച്വേട്ടനായി. ആ സൗഹൃദം തിരികെയും നല്‍കി. ഭരണസമിതി പലകാര്യങ്ങളിലും അഭിപ്രായം ആരാഞ്ഞിരുന്നതും അനുഭവസമ്പത്ത് കണക്കിലെടുത്താവണം എന്നാണ് കരുതുന്നത്.

ജില്ലാ പഞ്ചായത്തിലെത്തിയശേഷമാണ് അംഗങ്ങളിലെ ബേബി താനാണെന്ന് രാധികയും അറിഞ്ഞത്. 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ളവരെല്ലാം പരിചയസമ്പന്നര്‍. അതിനാല്‍ ഉത്തരവാദിത്തവും കൂടുതലാണെന്ന് മനസ്സിലായി. എങ്കിലും സീനിയേഴ്‌സിന്റെ പരിഗണനയും സ്നേഹവും കരുതലും തുണയായി.

അധ്യക്ഷന്‍ അച്വേട്ടന്‍....

സത്യപ്രതിജ്ഞാ ചടങ്ങ് രസകരമായ ഓര്‍മയാണെന്ന് അച്വേട്ടന്‍ പറയുന്നു. പ്രായംകൊണ്ട് മുതിര്‍ന്നയാളായതിനാല്‍ കളക്ടര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിത്തന്നു. പിന്നെ ബാക്കിയുള്ള 29 അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിപക്ഷത്തായിരുന്നിട്ടുപോലും ആദ്യയോഗത്തില്‍ അധ്യക്ഷനുമായി. അതൊരു അനുഭവമായിരുന്നു. അര്‍ഹരായവര്‍ക്ക് രാഷ്ട്രീയം നോക്കാതെ സഹായങ്ങള്‍നല്‍കാന്‍ ശ്രമിച്ചു. അവിടെയാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറയുന്നു.

പ്രളയകാലത്തെ വെല്ലുവിളികളാണ് രാധികയുടെ ഓര്‍മയില്‍. പറളിപ്പുഴയോരത്തെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍ വീടുകളിലെ ചെളിനീക്കാന്‍ നാട്ടുകാര്‍ക്കൊപ്പം മുന്നിട്ടിറങ്ങി. ആളുകളെ ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ച് സഹായം നല്‍കി. അന്ന്, അവിടത്തെ അമ്മമാര്‍ പ്രകടിപ്പിച്ച സന്തോഷം മറക്കാനാവില്ല. രാഷ്ട്രീയംനോക്കാതെ പ്രവര്‍ത്തിക്കുന്നിടത്താണ് ജനപ്രതിനിധിയുടെ വിജയം.

കുടുംബത്തിന്റെ തണല്‍

ഇത്തവണ അച്വേട്ടന്‍ മത്സരരംഗത്തില്ല. 'പുതുതലമുറ വരട്ടെന്നേ... പൊതുപ്രവര്‍ത്തകനായി തുടരും. പ്രചാരണത്തിനുമുണ്ടാവും...' അദ്ദേഹം നയം വ്യക്തമാക്കി. എന്നാല്‍ പ്രചാരണരംഗത്തുണ്ടാകും. യു.ഡി.എഫിനുവേണ്ടി ഇത്തവണയും പണിയെടുക്കും. സത്യഭാമയാണ് ഭാര്യ. മകള്‍ സി. ലേഖ കരസേനയില്‍ ലഫ്റ്റനന്റ് കേണല്‍. സെക്കന്തരാബാദിലാണിപ്പോള്‍. മകന്‍ ലിയാദ് യു.എ.ഇ.യിലും.

ഇക്കുറി തിരഞ്ഞെടുപ്പിനില്ലെന്ന് രാധികയും പറയുന്നു. അഞ്ചുമാസം പ്രായമായ മകള്‍ക്കാണ് ആദ്യ പരിഗണന. പൊതുരംഗം അങ്ങനെ കൈവിടാനാവില്ലല്ലോ... അഞ്ചുവര്‍ഷംകൊണ്ട് അടുത്തറിയാനായ ജീവിതങ്ങള്‍ പകര്‍ന്ന ചൂട് അത്രയ്‌ക്കേറെയാണ്. പ്രായക്കുറവുമൂലം അതിശയത്തോടെ നോക്കിയവരില്‍ പലരും ഇപ്പോള്‍ ബഹുമാനത്തോടെ നോക്കുന്നു. കിരണ്‍കുമാര്‍ ആണ് ഭര്‍ത്താവ്. അമ്മ: പാര്‍വതി.