പാലക്കാട്: നഗരസഭയില്‍ 20 വര്‍ഷമായി കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും ഭരണം വികസനമുരടിപ്പാണ് ഉണ്ടാക്കിയതെന്ന് എല്‍.ഡിഎഫ്. അതിനൊരു ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ സമഗ്രവികസനരേഖയിലെ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കുമെന്നും സി.പി.എം. ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നഗരത്തില്‍ റോഡരികുകളില്‍ മാലിന്യക്കൂമ്പാരമാണ്. നഗരത്തിലെ മാലിന്യസംസ്‌കരണം കുറച്ചെങ്കിലും നടന്നത് കൊടുമ്പ് പഞ്ചായത്തിന്റെ ഔദാര്യത്തിലാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുടിവെള്ളക്ഷാമം എന്നിവമൂലവും ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു. എല്‍.ഡി.എഫ്. സമഗ്ര കുടിവെള്ളപദ്ധതി നടപ്പാക്കും. സുല്‍ത്താന്‍പേട്ടയിലെ ഗതാഗതപ്രശ്‌നത്തിന് ശാശ്വതപരിഹാരമായി അടിപ്പാത, വികേന്ദ്രീകൃത മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്, എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പുപത്രിക സി.പി.എം. ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പ്രകാശനംചെയ്തു, എല്‍.ഡി.എഫ്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.കെ. നൗഷാദ്, എം.എസ്. സ്‌കറിയ, കെ. മല്ലിക തുടങ്ങിയവര്‍ പങ്കെടുത്തു.