പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആധിപത്യം ഇത്തവണയും നിലനിര്‍ത്തി എല്‍ഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായി നഗരസഭകളില്‍ ഒഴികെ ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടത് മുന്നണി വലിയ നേട്ടമുണ്ടാക്കി. അതേസമയം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിന് സാധിച്ചില്ല. എന്നാല്‍ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബിജെപി സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തി. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച പാലക്കാട് നഗരസഭാ ഭരണം ബിജെപി നിലനിര്‍ത്തി. കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബിജെപി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം അരക്കിട്ടുറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബിജെപി ജയിച്ചത്. 

നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 13 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 12ല്‍ ഒതുങ്ങി. ഒമ്പത് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. 

മണ്ണാര്‍ക്കാട് നഗരസഭയില്‍ മാത്രമാണ് യുഡിഎഫിന് അധികാരം നിലനിര്‍ത്താനായത്‌. ചിറ്റൂര്‍-തത്തമംഗലം, ചെറുപ്പുളശ്ശേരി എന്നിവ എല്‍ഡിഎഫ് പിടിച്ചെടുത്തു. പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ കോണ്‍ഗ്രസ് വിമതര്‍ രൂപീകരിച്ച വി ഫോര്‍ പട്ടാമ്പിയുടെ മുന്നേറ്റം യുഡിഎഫിന് തിരിച്ചടിയായി. വി ഫോര്‍ പട്ടാമ്പിയുടെ പിന്തുണയോടെ പട്ടാമ്പി നഗരസഭ എല്‍ഡിഎഫ് ഭരിക്കും. കഴിഞ്ഞ തവണ ഭരണം പിടിച്ച ഒറ്റപ്പാലത്തും ഷൊര്‍ണൂരും എല്‍ഡിഎഫ് നിലനിര്‍ത്തി. ഒറ്റപ്പാലത്തും ഷൊര്‍ണൂരും എന്‍ഡിഎ ഒമ്പത്‌ സീറ്റുകള്‍ പിടിച്ചെടുത്ത് ശക്തി തെളിയിച്ചു. 

ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 30 സീറ്റുകളില്‍ 27 ഇടത്തും ഇടതുമുന്നണി ജയിച്ചു, അലനല്ലൂര്‍, തേന്‍കര, തിരുവേഗപ്പാറ പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. കഴിഞ്ഞ തവണയും മൂന്ന് സീറ്റുകളാണ് യുഡിഎഫ് നേടിയിരുന്നത്‌. അതേസമയം ജില്ലാ പഞ്ചായത്തില്‍ എന്‍ഡിഎ സഖ്യം ചിത്രത്തിലേ ഇല്ല. 

ബ്ലോക്ക് പഞ്ചായത്തിലെ ഇടതുകോട്ട തകര്‍ക്കാന്‍ ഇത്തവണയും യുഡിഎഫിന് സാധിച്ചില്ല. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ മണ്ണാര്‍ക്കാടും പട്ടാമ്പിയും മാത്രമേ യുഡിഎഫിനെ തുണച്ചുള്ളു. ബാക്കിയുള്ള 11 ഇടത്തും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. ആലത്തൂരും ഒറ്റപ്പാലത്തെയും മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് തൂത്തുവാരി. അട്ടപ്പാടി ബ്ലോക്കിലെ താവളം വാര്‍ഡിലും പാലക്കാട് ബ്ലോക്കിലെ പരളി, തേനൂര്‍ വാര്‍ഡുകളിലും ബിജെപി മുന്നിലെത്തി. 

ഗ്രാമപഞ്ചായത്തിലും എല്‍ഡിഎഫിനാണ് മേധാവിത്വം. ആകെയുള്ള 88 ഗ്രാമപഞ്ചായത്തുകളില്‍ 61 ഇടത്തും എല്‍ഡിഎഫ് മുന്നിലെത്തി. കഴിഞ്ഞ തവണ 71 ഗ്രാമപഞ്ചായത്തുകള്‍ എന്‍ഡിഎഫിനൊപ്പമുണ്ടായിരുന്നു. 2015ല്‍ 17 ഗ്രാമപഞ്ചായത്തുകള്‍ നേടിയ യുഡിഎഫ് ഇത്തവണ 25 ഇടത്ത് ഭരണംനേടി. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ നേടിയ വലിയ വിജയത്തിന്റെ ചെറിയ അലയൊലി പോലും തദ്ദേശത്തില്‍ പ്രതിഫലിപ്പിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചില വാര്‍ഡുകളില്‍ ഉയര്‍ന്ന വിമത പ്രശ്‌നങ്ങളും യുഡിഎഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി. മണ്ണൂര്‍ മേഖലയില്‍ ഉള്‍പ്പെടെ നിലനിന്ന സിപിഐ-സിപിഎം തര്‍ക്കം എല്‍ഡിഎഫിനും ചെറിയ തോതില്‍ തിരിച്ചടിയേകി. പല പഞ്ചായത്തുകളിലും സിപിഐ-സിപിഎം സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിച്ചിരുന്നു

ആകെയുള്ള 1490 ഗ്രാമപഞ്ചായത്ത് ഡിവിഷനുകളില്‍ 460 എണ്ണത്തില്‍ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. 827 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്തു. 183 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 35 ഇടത്ത് മാത്രമേ യുഡിഎഫിന്‌ ജയിക്കാനായുള്ളു. നഗരസഭയില്‍ മാത്രമാണ് യുഡിഎഫിന്‌ അല്‍പം ആശ്വാസം. 240 വാര്‍ഡുകളില്‍ 74 എണ്ണം യുഡിഎഫ് നേടി. 65 ഇടത്ത് എല്‍ഡിഎഫും ജയിച്ചു. എന്‍ഡിഎ 113 ഗ്രാമപഞ്ചായത്ത് ഡിവിഷനുകളിലും 3 ബ്ലോക്ക് ഡിവിഷനിലും 51 നഗരസഭാ വാര്‍ഡിലും മുന്നിലെത്തി. 

content highlights: local body election, palakkad municipality, ldf wins palakkad