പാലക്കാട്: അണിയറയിൽ ആർ.എസ്.എസിന്റെ ശക്തമായ ഏകോപനവുമായി വ്യക്തമായ പദ്ധതികളോടെയാണ് ബി.ജെ.പി. ഇക്കുറി മത്സരരംഗത്തിറങ്ങിയത്. അതിന്റെ പ്രതിഫലനംതന്നെയാണ് പാലക്കാട് നഗരസഭയിൽ അവർ കാഴ്ചവെച്ചത്.

ബി.ജെ.പി. അധികാരത്തിലെത്തിയ സംസ്ഥാനത്തെ ആദ്യ നഗരസഭയായ പാലക്കാട്ട് ഇത്തവണ അവർ വ്യക്തമായ ഭൂരിപക്ഷംനേടി. 52 വാർഡുകളിൽ 28 എണ്ണവും അവർ സ്വന്തമാക്കി. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സമ്പാദ്യം രണ്ടുവീതം കുറഞ്ഞു.

അഞ്ചുവർഷത്തെ ഭരണത്തിന്റെ റിപ്പോർട്ട്കാർഡ് പുറത്തിറക്കി ബി.ജെ.പി. ഇക്കുറി പ്രചാരണരംഗത്ത് മേൽക്കൈ നേടിയിരുന്നു. കഴിഞ്ഞതവണ ജയിച്ച വാർഡുകളിൽ പുതുമുഖങ്ങളെ രംഗത്തിറക്കിയും മറ്റ് വാർഡുകളിലേക്ക് മുതിർന്ന നേതാക്കളെ അയച്ചും നടത്തിയ പരീക്ഷണവും വിജയമായി. തുടക്കത്തിൽ പാർട്ടിക്കകത്തുണ്ടായിരുന്ന ഭിന്നസ്വരങ്ങളെല്ലാം ആർ.എസ്.എസ്. ഇടപെടലോടെ ഒതുങ്ങുകയും ചെയ്തു.

പാലക്കാട് നഗരസഭയിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ, ജില്ലാ വൈസ് പ്രസിഡന്റ് പി. സാബു, സംസ്ഥാനസമിതി അംഗവും സ്ഥാനമൊഴിഞ്ഞ നഗരസഭാ ചെയർപേഴ്സണുമായ പ്രമീളാ ശശിധരൻ, മണ്ഡലം പ്രസിഡന്റ് പി. സ്മിതേഷ്, വി. നേടശൻ തുടങ്ങിയവരെല്ലാം വിജയമാഘോഷിച്ചു.

കഴിഞ്ഞ അഞ്ചുവർഷത്തെ നഗരത്തിലെ വികസനനേട്ടങ്ങൾ വോട്ടർമാർ വിലയിരുത്തിയതായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. നഗരസഭാ കൗൺസിലിൽ ബഹളംസൃഷ്ടിച്ച് വികസനംമുടക്കാൻ ശ്രമിച്ച ഇരുമുന്നണികൾക്കുമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖരെപ്പോലും ജയിപ്പിക്കാനാകാതെ യു.ഡി.എഫ്.

:യു.ഡി.എഫ്. ജില്ലാ കൺവീനറും കെ.പി.സി.സി. െസക്രട്ടറിയുമായ പി. ബാലഗോപാൽ ഉൾപ്പെടെ പ്രമുഖരെപ്പോലും വിജയിപ്പിക്കാൻ യു.ഡി.എഫിനായില്ല. ബാലഗോപാലിനെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബഷീറാണ് ഇവിടെ വിജയിച്ചത്. നാലുതവണ വിജയിച്ചവർക്ക് സീറ്റില്ലെന്ന കണക്കിലുൾപ്പെടുത്തി കോൺഗ്രസ് സീറ്റ് നൽകാതിരുന്ന മുൻ പാർലമെന്ററി പാർട്ടി നേതാവും ഡി.സി.സി. സെക്രട്ടറിയുമായിരുന്ന കെ. ഭവദാസിന്റെ വിജയവും യു.ഡി.എഫിനേറ്റ തിരിച്ചടിയാണ്.

നഗരസഭാ ഭരണത്തിനെത്തിനെതിരേ കൗൺസിൽഹാളിനകത്ത് അഴിമതിയാരോപണമുൾപ്പെടെ ഉയർത്തിയെങ്കിലും പുറത്ത് സംഘടനാസംവിധാനം നിർജ്ജീവമായത് യു.ഡി.എഫിന് ക്ഷീണമായി. ആരോപണങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും കഴിഞ്ഞില്ല. ഡി.സി.സി. പ്രസിഡന്റുകൂടിയായ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെയും ഷാഫി പറന്പിൽ എം.എൽ.എ.യുടെയും വ്യക്തിപ്രഭാവത്തെ പ്രചാരണായുധമാക്കിയായിരുന്നു യു.ഡി.എഫിന്റെ പ്രചാരണം.

നഗരസഭാ ഭരണത്തിനെതിരേ കുറ്റപത്രം സമർപ്പിച്ചും പ്രകടനപത്രിക പ്രസിദ്ധീകരിച്ചും ഇടതുമുന്നണി ഇത്തവണ ശക്തമായി രംഗത്തിറങ്ങിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല.