പാലക്കാട്: കോവിഡ് കാലത്ത് വ്യത്യസ്ത അനുഭവം പകർന്ന നാട്ടങ്കത്തിൽ ഇടതുമുന്നണിക്ക് വിജയം. ബി.ജെ.പി. പ്രകടനം മെച്ചപ്പെടുത്തിയപ്പോൾ യു.ഡി.എഫിന് ത്രിതലപഞ്ചായത്തുകളിൽ മങ്ങിയ പ്രകടനം. ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചരിത്രത്തിലാദ്യമായി കോൺഗ്രസിനും യു.ഡി.എഫിനും ഭരണം നഷ്ടപ്പെട്ടു. കഴിഞ്ഞതവണ ഭരണമുണ്ടായിരുന്ന നാല് നഗരസഭകളിൽ മൂന്നെണ്ണവും കൈവിട്ട യു.ഡി.എഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് നഗരസഭാഭരണം തിരിച്ചുപിടിക്കാനും കഴിഞ്ഞില്ല.

കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബി.ജെ.പി. എൻ.ഡി.എ.യ്ക്ക് നേതൃത്വം നൽകി ഭൂരിപക്ഷം നേടി. ഇടതുമുന്നണിക്ക് നാല്‌ നഗരസഭകളിൽ ഭരണം ഉറപ്പായി. പട്ടാമ്പിയിൽ ടി.പി. ഷാജി നേതൃത്വം നൽകുന്ന വി ഫോർ പട്ടാമ്പിയുടെ നിലപാട് നിർണായകമാവും. വി ഫോർ പട്ടാമ്പിക്കെതിരേ ഇടതുമുന്നണിസ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 എണ്ണം എൽ.ഡി.എഫ്. നേടി.

ഇടതിന്‌ മേൽക്കൈ

കഴിഞ്ഞതവണ തിരഞ്ഞെടുപ്പിനുശേഷം 69 പഞ്ചായത്തുകളിൽ ഇടതുമുന്നണിക്കായിരുന്നു ഭരണം. വടകരപ്പതിയിൽ ആർ.ബി.സി. കനാൽ സഖ്യത്തിന്റെ കൂട്ടുണ്ടായിരുന്നു. കാലാവധി പൂർത്തിയാവുംമുമ്പ് കരിമ്പുഴയിലും തെങ്കരയിലും ഇടതുമുന്നണിഭരണമായി. ഇത്‌ ചേർത്ത് 73 പഞ്ചായത്തുകളിൽ ഇടതുമുന്നണി ഭരിച്ചിരുന്നു. ഇത്തവണ 59 പഞ്ചായത്തുകളിൽ ഇടതുമുന്നണിക്കും 21 പഞ്ചായത്തുകളിൽ യു.ഡി.എഫിനും മേൽക്കൈയുണ്ടെന്നാണ് പ്രാഥമികകണക്കുകൾ. ആർക്കും ഭൂരിപക്ഷം ഉറപ്പിക്കാനാവാത്ത എട്ട്‌ പഞ്ചായത്തുകളുമുണ്ട്.

പാലക്കാട് നഗരസഭാവാർഡിലേക്ക് മത്സരിച്ച യു.ഡി.എഫ്. ജില്ലാ കൺവീനർ പി. ബാലഗോപാൽ വോട്ടുനിലയിൽ നാലാം സ്ഥാനത്തേക്കായതുൾപ്പെടെ മിക്കയിടത്തും യു.ഡി.എഫിന് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങേണ്ടിവന്നു.

ജില്ലാപഞ്ചായത്തിൽ കോൺഗ്രസിന് ഒരംഗം മാത്രം

മുപ്പതംഗ ജില്ലാപഞ്ചായത്തിൽ കഴിഞ്ഞ തവണത്തേതിന്‌ തുല്യമായ കക്ഷിനിലയാണ്. ഇടതുമുന്നണി 27 സീറ്റിൽ വിജയിച്ചപ്പോൾ യു.ഡി.എഫിന് മൂന്ന്‌ സീറ്റ് ലഭിച്ചു. ഇവിടെയും നഷ്ടം കോൺഗ്രസിനാണ്. കഴിഞ്ഞതവണത്തെ യു.ഡി.എഫിന്റെ മൂന്ന്‌ സീറ്റും നേടിയിരുന്ന കോൺഗ്രസിന് ഇത്തവണ തിരുവേഗപ്പുറയിൽ കമ്മുക്കുട്ടി എടത്തോളിന്റെ വിജയംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ശേഷിക്കുന്ന രണ്ട് സീറ്റുകൾ നേടി മുസ്‌ലിംലീഗാണ് യു.ഡി.എഫിന്റെ തകർച്ചയിൽ പിടിച്ചുനിന്നത്. അലനല്ലൂർ, തെങ്കര സീറ്റുകൾ മുസ്‌ലിംലീഗ് നേടി. ഇടതുമുന്നണിയിൽ സി.പി.എമ്മിന് 20 സീറ്റും സി.പി.െഎക്ക് മൂന്ന്‌ സീറ്റും ജനതാദൾ സെക്യുലറിന് രണ്ട് സീറ്റും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, യു.ഡി.എഫ്. വിട്ടെത്തിയ കേരള കോൺഗ്രസ് (മാണി) വിഭാഗം എന്നിവയ്ക്ക് ഓരോ സീറ്റും ലഭിച്ചു.

2005-ലെ ജില്ലാപഞ്ചായത്ത് ഭരണസമിതിയിൽ ഒരംഗം മാത്രമായിരുന്നു യു.ഡി.എഫിന്. 2010ൽ ഒമ്പത്‌ സീറ്റുണ്ടായിരുന്നു. 2015ൽ ഇത് മൂന്നായി ചുരുങ്ങി. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലുൾപ്പെടെ സ്ഥാനാർത്ഥിപ്പട്ടിക കാര്യമായ പരാതികളില്ലാതെയാണ് യു.ഡി.എഫ്. പുറത്തിറക്കിയതെങ്കിലും അതിന്റെ ഫലം കിട്ടിയില്ല. അതേസമയം, പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ചേർത്തുള്ള പട്ടികയുമായെത്തിയ ഇടതുമുന്നണിയുടെ പരീക്ഷണം വിജയിച്ചു. കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതിക്കെതിരേ കാര്യമായ ആരോപണങ്ങളൊന്നും ഉയർത്താനോ എന്തെങ്കിലും വിഷയങ്ങൾ കൊണ്ടുവരാനോ യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ കാര്യമായ പ്രകടനപത്രികപോലുമില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം, ഭരണനേട്ടങ്ങൾ നിരത്തി ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികൾ പ്രചാരണം നടത്തി.

12 ഡിവിഷനുകൾക്ക് പ്രത്യേകപരിഗണന നൽകി ശക്തമായ മത്സരത്തിന് ബി.ജെ.പി. നേതൃത്വം നൽകി.

സത്യപ്രതിജ്ഞ 21ന്

പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ 21ന് നടക്കും. രാവിലെ 10ന് അതത് തദ്ദേശസ്ഥാപനങ്ങളിൽ തന്നെയാവും സത്യപ്രതിജ്ഞ. ജില്ലാപഞ്ചായത്തിലെ മുതിർന്ന അംഗത്തിന് കളക്ടർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ശേഷം മുതിർന്ന അംഗം മറ്റുള്ള അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ അതത് വരണാധികാരികളാവും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.